കുടിവെള്ള പൈപ്പിടല്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കണം: കലക്ടര്‍
കൊച്ചി: അങ്കമാലിയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തികളുടെ പുരോഗതി ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നേരിട്ട് വിലയിരുത്തി.
ഇവിടുത്തെ പൈപ്പിടല്‍ പ്രവൃത്തികള്‍ മാര്‍ച്ച് 15നകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. ദുരന്തനിവാരണ നിയമപ്രകാരം അടിയന്തിര റോഡ് കട്ടിംഗിന് ഉത്തരവു നല്കിയ അങ്കമാലിയിലെയും അയ്യമ്പുഴ, കറുകുറ്റി, മഞ്ഞപ്ര എന്നിവിടങ്ങളിലെയും പൈപ്പുമാറ്റിയിടല് പ്രവൃത്തികളാണു കളക്ടര്‍ വിലയിരുത്തിയത്. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു സന്ദര്‍ശനം. 55 കിലോമീറ്റര്‍ പൈപ്പിടല്‍ പദ്ധതിയുടെ 60 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബാക്കി പ്രവൃത്തികള്‍ മാര്‍ച്ച് 15ന് മുമ്പ് പൂര്‍ത്തിയാക്കാനാണ് ജില്ലാ കളക്ടര്‍ ജലഅതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ പ്രദേശങ്ങളിലെ 80000 പേര്‍ക്ക് നേരിട്ട് കുടിവെളള വിതരണത്തിന് സഹായകമാകുന്നതാണ് പദ്ധതി.
പദ്ധതിപ്രദേശങ്ങളായ അയ്യമ്പുഴ പഞ്ചായത്തിലെ അമലാപുരം, കാട്ടുകുളങ്ങര, ഉപ്പുകുന്ന് എന്നീപ്രദേശങ്ങളും മഞ്ഞപ്ര പഞ്ചായത്തിലെ പുല്ലത്താന്‍ കവല, ചന്ദ്രപ്പുര, കോത്തായിത്തോട് പ്രദേശങ്ങളും ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു. വരള്‍ച്ചമൂലം ദുരിതമനുഭവിക്കുന്നവരില്‍ നിന്ന് കളക്ടര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.
ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടികളക്ടര്‍ കെ.ബി ബാബു, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോളി കെ.കെ, അസി. എന്‍ജിനീയര്‍ ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു. വരള്‍ച്ചാ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തിരമായി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന നാല് ചെക്ക്ഡാമുകളുടെ നിര്‍മാണപ്രവര്‍ത്തങ്ങളും കളക്ടര്‍ വിലയിരുത്തി. മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തിലെ കൊമേന്ത പള്ളിക്കു താഴെ ജലഅതോറിറ്റി പമ്പ്ഹൗസിനു സമീപത്തുള്ള താത്കാലിക ചെക്കഡാം പുതുക്കി പണിയല്‍, മലയാറ്റൂര്‍ പാലത്തിനു താഴെയുള്ള ചെക്ക്ഡാമിന്റെ പുനര്‍നിര്‍മാണം എന്നിവ ഫെബ്രുവരി 28നു മുമ്പ് പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. കൂവപ്പടി പഞ്ചായത്തിലെ കപ്രിക്കാട്, വേങ്ങൂര്‍ പഞ്ചായത്തിലെ പാണാംകുഴി എന്നിവിടങ്ങളില്‍ പുതുതായി നിര്‍മിക്കാനുദ്ദേശിക്കുന്ന ചെക്ക് ഡാമുകള്‍ മാര്‍ച്ച് അഞ്ചിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഇറിഗേഷന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.മലയാറ്റൂര്‍ നീലേശ്വരം പഞ്ചായത്തിലെയും കൂവപ്പടി പഞ്ചായത്തിലെയും പരിസരവാസികളുടെ അഭിപ്രായങ്ങള്‍ ജില്ലാ കളക്ടര്‍ ചോദിച്ചറിഞ്ഞു. ദുരന്തനിവാരണവിഭാഗം ഡെപ്യൂട്ടികളക്ടര്‍ കെ.ബി ബാബു, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷുക്കൂര്‍, അസി. എന്‍ജീനിയര്‍ അബ്ബാസ് എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."