വാഹനങ്ങളിലെ തീവ്രപ്രകാശം: പരിശോധിക്കാന്‍ സംവിധാനമില്ല
ഹരിപ്പാട്: നിയമത്തിനു പുല്ലുവില നല്‍കി തീവ്രപ്രകാശവുമായി വാഹനങ്ങള്‍ ചീറിപ്പായുന്നു. കണ്ണിന് അസ്വസ്ഥതയുണ്ടാക്കുന്ന വിധമുളള വര്‍ണ്ണങ്ങളിലുള്ള ബള്‍ബുകളാണ് പല വാഹനത്തിനും അലങ്കാരത്തിനായി ഘടിപ്പിച്ചിരിക്കുന്നത്.രാത്രി വാഹനവുമായി റോഡില്‍ ഇറങ്ങുന്നവര്‍ക്ക് കണ്ണടപ്പിക്കുന്ന വെളിച്ചമാണ് വില്ലനായി മാറുന്നത്.
അനുവദനീയമായതില്‍ കൂടുതല്‍ ലൈറ്റുകള്‍ ഘടിപ്പിച്ചും കണ്ണിനു ഹാനികരവുമായ തരത്തിലുളള ഹെഡ് ലൈറ്റുകള്‍ ഇട്ടുമാണ് പല വാഹനങ്ങളുടെയും പാച്ചില്‍.കാറുകളിലും ബൈക്കുകളിലും എല്ലാം പ്രകാശതീവ്രതയേറിയ ഹാലജന്‍ ബള്‍ബുകളുടെ ഉപയോഗം കൂടിവരികയാണ്.
രാത്രി ഈ പ്രകാശം കുറയ്ക്കാതെ വരുന്നത് എതിര്‍ദിശയില്‍ നിന്നുമെത്തുന്ന വാഹനങ്ങളെ വഴിതെറ്റിച്ച് അപകടത്തില്‍ എത്തിക്കുന്നു.
കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവാക്കളാണു വാഹനങ്ങളില്‍ ഇത്തരം ലൈറ്റുകള്‍ ഘടിപ്പിച്ച് പായുന്നതില്‍ എറെയും.ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലും മറ്റും കൂടുതലായി ഉപയോഗിക്കുന്ന എല്‍ഇഡി അടക്കമുള്ള അലങ്കാര ബള്‍ബുകളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
അടുത്ത കാലത്തായി എല്‍ഇഡി ബള്‍ബുകളുടെ ഉപയോഗം ഇരുചക്രവാഹനങ്ങളിലും കൂടി വന്നിട്ടുണ്ട്.അമിത വെളിച്ചം കണ്ടിട്ടും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.
അപകടസാധ്യതയേറെയുള്ള റോഡുകളില്‍ വാഹനങ്ങ ളുടെ ഈ നിയമലംഘനം കൂടി വ്യാപകമായതോടെ രാത്രി കാല വാഹനമോടിക്കുന്നത് പലര്‍ക്കും പേടി സ്വപ്നമായി മാറി.
രാത്രി സമയത്ത് വാഹനങ്ങളിലെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു.ചെറുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്കാണ് ഇത് ഏറെ ഭീഷണിയാകുന്നത്.വാഹന പരിശോധന മുറയ്ക്ക് നടത്താറുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ അധികൃതര്‍ ചെറുക്കുന്നില്ല.ചില പുതിയ മോഡല്‍ കാറുകള്‍ പുറത്തിറക്കുന്നത് തീവ്രപ്രകാശമുള്ളതായി തോന്നിക്കുന്ന ലൈറ്റുകളോടെയാണെന്നും ഇത്തരത്തില്‍ വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുവാന്‍ വകുപ്പില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
പ്രകാശതീവ്രത പരിശോധിക്കുന്നതിനുള്ള സംവിധാനമില്ലാത്തതും മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധനയെ ബാധിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."