കടല്‍ഭിത്തി നിര്‍മാണം: എം.പി ധനമന്ത്രിക്ക് കത്തയച്ചു
ആലപ്പുഴ: ജില്ലയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് കടല്‍ഭിത്തി നിര്‍മിക്കുന്നതിന് 1000 കോടി രൂപയുടെ ബൃഹത് പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി ധനകാര്യമന്ത്രി തോമസ് ഐസക്കിന് കത്തയച്ചു. തീര സംരക്ഷണത്തിന് കഴിഞ്ഞ ബജറ്റില്‍ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല.
അടിസ്ഥാന സൗകര്യ വികസന രംഗത്ത വന്‍ നിക്ഷേപങ്ങളും വന്‍കിട പദ്ധതികളും നടപ്പിലാക്കാന്‍ വേണ്ടിയാണു കിഫ്ബി പ്രഖ്യാപിച്ചത്. എന്നാല്‍ കിഫ്ബി വഴിയും ഒരു പദ്ധതിയും നടന്നില്ല. കടല്‍ ഭിത്തി വേണ്ട എന്ന ആശയത്തോട് യോജിക്കാന്‍ കഴിയില്ല. ചാപ്പക്കടവു മുതല്‍ ചെറിയഴീക്കല്‍ വരെയുള്ള ജില്ലയുടെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് മണ്‍സൂണ്‍ കാലയളവില്‍ വന്‍തോതിലുള്ള കടലാക്രമണമാണുണ്ടാകുന്നത്.
തീരദേശത്ത് കടലാക്രമണംമൂലം മത്സ്യതൊഴിലാളികളടക്കമുള്ള തീരദേശ ജനതയ്ക്ക് അപരിഹാര്യമായ നാശനഷ്ടങ്ങളാണുണ്ടാകുന്നത്. കടല്‍ ക്ഷോഭം മൂലം തീരദേശ ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണാതിരിക്കാന്‍ കഴിയില്ല. കടല്‍ ഭിത്തി നിര്‍മാണത്തിന് ചെറിയ തോതിലുള്ള പദ്ധതികള്‍ അനുവദിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമല്ല എന്നാണ് അനുഭവങ്ങള്‍ തെളിയിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീരദേശത്തിനു മുഴുവന്‍ പ്രയോജനവും സംരക്ഷണവും ലഭിക്കുന്ന തരത്തില്‍ ബൃഹത് പദ്ധതി അനിവാര്യമാകുന്നത്.
ബജറ്റിതര വരുമാന സ്രോതസുകളും കൂടി കണ്ടെത്തി കടല്‍ ഭിത്തി നിര്‍മാണത്തിന് വന്‍ പദ്ധതി തയ്യാറാക്കണം. അടിസ്ഥാന സൗകര്യവികസന മേഖലയ്ക്കായി ബജറ്റില്‍ തുക മാറ്റിവയ്ക്കുമ്പോള്‍ കടല്‍ഭിത്തി നിര്‍മാണത്തിന് മുന്‍ഗണന നല്‍കണം.
ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നല്കുന്ന അതേ പ്രാധാന്യം കടല്‍ഭിത്തി നിര്‍മാണത്തിനും നല്‍കണമെന്നും തീരസംരക്ഷണത്തിന് വിപുലമായ പദ്ധതി അനിവാര്യമായി മാറിയിരിക്കുകയാണെന്നും എം പി കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."