ഇത്തരം ആഭാസങ്ങള്‍ മനസ്സിനെ വേദനിപ്പിക്കുന്നു
പ്രവാചകത്വം കിട്ടിയത് ലോകചരിത്രത്തിലെ തന്നെ വേറിട്ട ഏടാണ്. ഹിറാഗുഹയില്‍ വച്ചു മാലാഖ ജിബ്‌രീല്‍(അ) പുണ്യനബിയോടു സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനമായ ഇഖ്‌റഅ് അഥവാ വായിക്കുക എന്ന അല്ലാഹുവിന്റെ കല്‍പ്പന പാരായണം ചെയ്തുകൊണ്ടാണ് വഹ്‌യിന് (ദിവ്യസന്ദേശം) ആരംഭം കുറിച്ചത്.
ഇതിനെത്തുടര്‍ന്ന് ഭയവിഹ്വലനായ മുത്തുനബി(സ്വ) വന്നെത്തിയത് പത്‌നിയായ ഖദീജബീവി(റ)യുടെ ചാരത്തേയ്ക്കാണ്. 'എന്നെ പുതപ്പിക്കുവിന്‍' എന്നു മന്ത്രിച്ചു വിറച്ചുകൊണ്ടു വന്ന പ്രിയപ്പെട്ട ഭര്‍ത്താവിനെ തഴുകിത്തലോടി മാറിലേയ്ക്കു ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുകയായിരുന്നു ഖദീജബീവി(റ) ചെയ്തത്. പിന്നീട് വറഖത്തിന്റെ സവിധത്തിലേയ്ക്ക് ഇരുവരും ചെന്നു.
Also Read: മാണിക്യ മലരായ പൂവീ…
'മൂസയെയും ഈസയെയും വന്നുകണ്ടിരുന്ന അതേ പരിശുദ്ധ മാലാഖ തന്നെയാണു താങ്കളെയും വന്നു കണ്ടത്. സത്യമായ കാര്യമാണിത്. ഈ ദൗത്യവുമായി താങ്കള്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ താങ്കളുടെ ജനത താങ്കളെ ഈ നാട്ടില്‍നിന്നു തന്നെ പുറന്തള്ളിയേക്കാം. അന്നെനിക്കു താങ്കളെ സഹായിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍..' വറഖത്ത് ഇരുവരോടും പറഞ്ഞു.
തന്റെ പഴയ സ്വപ്നമിതാ പൂത്തുലയുന്നു. മനുഷ്യകുലത്തിനു വെളിച്ചം കാണിച്ചു സ്വര്‍ഗലോകത്തേക്കു കൈപിടിക്കാനെത്തിയ പുണ്യനബിയാണു തന്റെ ഭര്‍ത്താവെന്നു ബിവി ഖദീജ(റ) ഉള്‍പുളകത്തോടെ മനസ്സിലാക്കി. അവര്‍ മഹത്തായ കലിമത്തു തൗഹീദ് ഉച്ചരിച്ച് ഒന്നാമത്തെ മുസ്‌ലിമത്തായി മാറി. മറ്റൊരു സ്ത്രീക്കും എത്താനാകാത്ത ഉയരത്തിലേക്കു വളര്‍ന്നു.
എന്നാല്‍, ഈ നേട്ടം മഹതിയെ അഹങ്കാരിയാക്കുകയല്ല, വിനയത്തിന്റെ മൂടുപടത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. അങ്ങനെ വിശ്വാസികളുടെ ഉമ്മമാരില്‍ ഒന്നാമത്തെയാളായി ഖദീജ ബിവി(റ) ഔന്നത്യങ്ങളിലെ റാണിയായി മാറിയിരിക്കുന്നു. മുത്തുനബിക്ക് മഹതിയോളം ഉപകാരപ്പെട്ട മറ്റൊരു വനിതയുമില്ലെന്നു ചരിത്രം രേഖപ്പെടുത്തി വച്ചിരിക്കുന്നതു വെറുതെയല്ല.
പ്രവാചകത്വത്തിന്റെ ഓരോ ഘട്ടത്തിലും മഹതി പുണ്യനബി(സ്വ)ക്കു തണലും കരുത്തുമായി നിലകൊണ്ടു. തന്റെ ധനവും പേരും പ്രശസ്തിയും കച്ചവടവും ഇസ്‌ലാമിനുവേണ്ടി മാറ്റിവച്ചു. തന്റെ കുടുംബവും ബന്ധുജനങ്ങളും നാട്ടുകാരും അതിഭീകരവും നീചവുമായ മര്‍ദനമുറകള്‍ അഴിച്ചുവിട്ടപ്പോഴും പ്രവാചകതിരുമേനി(സ്വ) തളരാതെ പിടിച്ചുനിന്നു. പലപ്പോഴും നാട്ടുകാരുടെ മര്‍ദനമേറ്റു വേദനയോടെയും മുറിവുകളോടെയും വന്നുചേരുന്ന പ്രവാചകതിരുമേനി(സ്വ)യെ സ്വീകരിച്ചു ശുശ്രൂഷിച്ച് വേണ്ടതെല്ലാം മഹതി ഒരുക്കിക്കൊടുത്തു.
മനസ്സിലൊരു നൊടിനേരത്തെ ചിന്തകൊണ്ടുപോലും പുണ്യനബി(സ്വ)ക്ക് എതിരായതോ അനിഷ്ടമുള്ളതോ ചെയ്തില്ല. അബൂത്വാലിബിന്റെ മലഞ്ചെരുവില്‍ മൂന്നുവര്‍ഷത്തോളം നബികുടുംബം ഉപരോധിക്കപ്പെട്ടു കഴിയേണ്ടി വന്നു. ഇക്കാലയളവില്‍ മഹതി കാണിച്ച സ്‌നേഹവും കാരുണ്യവും സഹജീവി സ്‌നേഹവും മാനവികചരിത്രത്തില്‍ തന്നെ വിരളമായേ കാണാന്‍ സാധിക്കൂ. മുറിവേറ്റു പിടഞ്ഞ പ്രിയതമനെ ചേര്‍ത്തുപിടിക്കുകയും വിശ്വാസികളുടെ സമൂഹത്തെ സര്‍വം മറന്നു സ്‌നേഹിക്കുകയും ചെയ്ത ഖദീജ ബീവി(റ) ചരിത്രത്തിലെ അതുല്യവ്യക്തിത്വമാണ്.
പ്രവാചകതിരുമേനി(സ്വ) വല്ലാത്ത പ്രിയം ഖദീജ ബീവി(റ)യോട് പുലര്‍ത്തിയിരുന്നു. മഹതിയുടെ ദേഹവിയോഗത്തിനുശേഷം പലപ്പോഴും ആ ഓര്‍മകള്‍ പുണ്യനബി(സ്വ)യുടെ മനസ്സിനെ തരളിതമാക്കിയിരുന്നു. ആ സ്മരണകളില്‍ അവിടുന്നു വല്ലാതെ നൊമ്പരപ്പെട്ടിരുന്നു. മഹതി വഫാതായ വര്‍ഷത്തെ ദുഃഖവര്‍ഷമെന്നാണു പുണ്യനബി(സ്വ) തന്നെ വിശേഷിപ്പിച്ചത്.
മകള്‍ സൈനബ്(റ)വിനു വിവാഹസമയത്ത് ബീവി ഒരു മാല സമ്മാനമായി നല്‍കിയിരുന്നു. പിന്നീട് സൈനബ്(റ)വിന്റെ ഭര്‍ത്താവ് യുദ്ധത്തടവുകാരനായി പിടിക്കപ്പെടുകയും മദീനയില്‍ തടവുകാരനായി വരികയും ചെയ്തു. മുസ്‌ലിമത്തായിരുന്നു സൈനബ്(റ). എന്നാലും ഭര്‍ത്താവിനെ മോചിപ്പിക്കാനായി മദീനയിലേയ്ക്ക് ഉമ്മ തന്ന മാല കൊടുത്തയച്ചു.
ഒറ്റനോട്ടത്തില്‍ തന്നെ ആ മാല തിരിച്ചറിഞ്ഞ പ്രവാചകതിരുമേനി(സ്വ) പൊട്ടിക്കരഞ്ഞുപോയി. പ്രിയപത്‌നിയുടെ ഓര്‍മയില്‍ ആ മനസ്സ് വിതുമ്പി. മദീനാഘട്ടത്തില്‍ തന്റെ വീട്ടില്‍ അപൂര്‍വമായി മാത്രമേ വിശിഷ്ടഭോജ്യങ്ങള്‍ പാകം ചെയ്യുമായിരുന്നുള്ളൂ. അപ്പോഴൊക്കെ അതിലൊരു പങ്ക് ഖദീജ ബീവി(റ)യുടെ കൂട്ടുകാരികള്‍ക്കെത്തിക്കാന്‍ മുത്തുനബി(സ്വ) ശ്രദ്ധിച്ചിരുന്നു.
ആഇശാ(റ)തന്നെ പറയുന്നുണ്ട്: 'റസൂലുല്ലാഹി(സ്വ) ഖദീജ ബീവി(റ)യെ സ്‌നേഹിച്ചിരുന്നതുപോലെ മറ്റൊരു വ്യക്തിയെയും സ്‌നേഹിച്ചിട്ടില്ല. അസൂയാവഹമായിരുന്നു ആ അനുരാഗം'. ഇത്തരത്തിലുള്ള പല കാരണങ്ങളാല്‍ മാനവികചരിത്രത്തിലെ അനന്യസാധാരണമായ വ്യക്തിത്വമായി ഖദീജബീവി(റ) വിരാചിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ആ മഹിതവ്യക്തിത്വം മക്കയിലെ ഹറം ശരീഫിലെ ജന്നതുല്‍ മുഅല്ലയില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ആരറിയുന്നു ആ ഔന്നത്യത്തെ. വാക്കുകളാല്‍ വരച്ചിടാന്‍ കഴിയാത്ത നന്‍മയുടെ പേരാണ് ഖദീജ ബീവി(റ). പുണ്യവാനായ മുത്തുനബി(സ്വ)യുടെ കുടുംബപരമ്പരയായ അഹ്‌ലുബൈത്തിന്റെ താവഴി ചെന്നു ചേരുന്നതും മഹതിയില്‍ തന്നെയാണ്.
മുസ്‌ലിംലോകത്തിന്റെ മാതൃപദവി അലങ്കരിക്കുന്ന മഹത്വം മാത്രമല്ല, മാനവികതയെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പുണ്യനബി(സ്വ)യുടെ ഹൃദയം കവര്‍ന്ന റാണിയാണ് ബീവി. മനുഷ്യകുലത്തിന്റെ മാതാവ്. നന്മകളുടെയും സുകൃതങ്ങളുടെയും മറ്റൊരു പേരാണ് ഖദീജ ബീവി.
ഇങ്ങനെയുള്ള ഖദീജ ബീവി(റ)യുടെ ചരിത്രത്തെ ഹൃദ്യമായി അവതരിപ്പിക്കുന്ന മികച്ച ഒരു മാപ്പിളപ്പാട്ടാണു 'മാണിക്യമലരായ പൂവി.' ഈ പാട്ടാണ് 'ഒരു അഡാര്‍ ലവ് 'എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗമാരപ്രായക്കാരായ കുട്ടികളുടെ ഇക്കിളി ഉണര്‍ത്തുന്ന രംഗമാണു പശ്ചാതലം. കലയും ആവിഷ്‌കാരസ്വാതന്ത്ര്യവും ഒക്കെ ആവശ്യം തന്നെ. എന്നാല്‍, അനേകകോടി മനുഷ്യര്‍ ആദരിക്കുകയും ജീവനു തുല്യം സ്‌നേഹിക്കുകയും ചെയ്യുന്ന മഹത്വത്തിന്റെ പൂര്‍ണതയെത്തന്നെ വേണമായിരുന്നുവോ ആ രംഗത്ത് അവതരിപ്പിക്കാനെന്നു വേദനയോടെ മനസ്സ് ചോദ്യമുയര്‍ത്തുന്നു.
മാപ്പിളപ്പാട്ടിന്റെ ലോകത്ത് സജീവമായ ഷാന്‍ റഹ്മാന് ഇസ്‌ലാമികചരിത്രത്തിലെ വ്യക്തിത്വങ്ങളെയൊന്നും അറിയാതെ വരില്ലല്ലോ. അദ്ദേഹത്തിന്റെ കലാപരമായ പ്രവര്‍ത്തനങ്ങളെയൊന്നും ഇകഴ്ത്താനും പരിഹസിക്കാനും ആളല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാലും ശ്ലീലത്തിനും അശ്ലീലത്തിനും വിലക്കില്ലാത്ത സിനിമയിലൊക്കെ അതും പാട്ടിന്റെ ആത്മാവിനെ തന്നെ പരിഹസിച്ചു പച്ചപ്പൈങ്കിളി രംഗത്തു പുണ്യനബി(സ്വ)യെയും പത്‌നി ഖദീജ(റ)വിനെയും വലിച്ച് കൊണ്ട് വരണമായിരുന്നുവോ.
ആ രംഗം സൂചിപ്പിക്കുന്നതുപോലെ വായ്‌നോക്കിയും കണ്ണടിച്ചും വളരുന്ന പുതിയ തലമുറ പ്രവാചകര്‍(സ്വ)യെയും പത്‌നിയെയും വെറും കാമുകീ കാമുകന്മാരായി മനസ്സിലാക്കിയാല്‍ ആ പാപം സിനിമയുടെ അണിയറയിലുള്ള മുസ്‌ലിംകളെയെങ്കിലും ഉപദ്രവിക്കുകയില്ലേ.
ഒരു പക്ഷെ ഷാന്‍ റഹ്മാനും ഒമര്‍ ലുലുവും ഈ ലേഖനം വായിക്കാനിടയില്ല. ഈ പാട്ടിന്റെ ദൃശ്യം നേടി തന്ന പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലാണല്ലോ അവരൊക്കെ. അവരോടു പരാതിയില്ല. സഹതപിക്കുന്നു. കലയെയും കഴിവിനെയും ഉണ്മയിലും നന്മയിലും കണ്ടെത്താന്‍ പറ്റിയില്ലല്ലോയെന്നു സങ്കടപ്പെടുന്നു.
അങ്ങകലെ മക്കയിലെ ജന്നത്തുല്‍ മുഅല്ലയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രിയപ്പെട്ട ഉമ്മാ, അങ്ങ് ഇതൊക്കെ അറിയുന്നുണ്ടല്ലോ, മക്കളുടെ വിവരക്കേടുകള്‍... മാപ്പപേക്ഷിക്കട്ടെ, ശത്രുവിന്റെ കല്ലേറില്‍ മുറിവേറ്റു ചോരയൊഴുകി എത്തിയ പ്രിയതമനെ മനസ്സിലേയ്ക്കു കയറ്റിയിരുത്തി സ്‌നേഹം കൊണ്ട് ആശ്വസിപ്പിച്ച് കരുത്തു പകര്‍ന്ന പ്രിയപ്പെട്ട ഉമ്മാ ഇത്തരം ആഭാസങ്ങള്‍ ആ മനസ്സിനെ വേദനിപ്പിക്കാതിരുന്നുവെങ്കിലെന്നു വല്ലാതെ കൊതിച്ചു പോകുന്നു.
മനുഷ്യര്‍ക്കു മൗലികത എന്താണെന്നു ശരിക്കും മനസ്സിലായിരുന്നുവെങ്കില്‍,കലാകാരന്മാര്‍ ഹൃദയങ്ങളെ മുറിപ്പെടുത്തുന്നതിനു പകരം വേദനകളില്‍ ശാന്തി പകരുന്നവരായിരുന്നുവെങ്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."