തടവില്‍ കിടന്ന ജയിലില്‍ ഉദ്ഘാടകനായി മന്ത്രി എം.എം മണി
പീരുമേട്: തടവില്‍ കിടന്ന സബ് ജയിലില്‍ ഉദ്ഘാടകനായി മന്ത്രി എം.എം. മണി എത്തിയത് കൗതുകമായി. പീരുമേട് സബ് ജയില്‍ ക്ഷേമ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഉദ്ഘാടകനായി മന്ത്രി എത്തിയത്. തന്റെ ജയില്ദിന ഓര്‍മകള്‍ പറഞ്ഞു തുടങ്ങിയ മണിയാശാന്റെ പ്രസംഗം സദസിനുള്ളില് ചിരിയും കൗതുകവും പടര്‍ത്തി.
വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് അവസാനമായി താന്‍ പീരുമേട് സബ് ജയിലില്‍ കിടന്നത്. മണക്കാട് പ്രസംഗത്തെ തുടര്‍ന്നും അടിയന്തരാവസ്ഥ കാലത്തും റിമാന്‍ഡില്‍ കിടന്ന ജയിലില്‍ ഉദ്ഘാടകനായി എത്താന്‍ കഴിഞ്ഞത് ചരിത്ര നിയോഗമായി കരുതുന്നുവെന്ന് മണി പറഞ്ഞു. വിലങ്ങു വച്ച കൈകള്‍ കൊണ്ട് തന്നെ സല്യൂട്ട് ചെയ്യിപ്പിക്കും എന്ന് ജയില്‍ സന്ദര്‍ശിച്ച ശേഷം അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് പറഞ്ഞ കാര്യം അദ്ദേഹം പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. ക്രിസ്മസ് കാലയളവില്‍ ജയിലില്‍ കിടന്നതിനാല്‍ തനിക്ക് കേക്കുകള്‍ സുലഭമായി ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രിയെന്ന നിലയില്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും എം.എം. മണി കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം.പി, ഇ.എസ് ബിജിമോള്‍ എം.എല്‍.എ, ജയില്‍ മേധാവി കെ. സജീന്ദ്രന്‍പിള്ള, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."