ഇടുക്കിയില്‍ വീണ്ടും സമരകാഹളം മുഴങ്ങുന്നു
തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം ഇടുക്കിയില്‍ വീണ്ടും കസ്തൂരിരംഗന്‍ വിഷയം ആളിക്കത്തുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ഇടക്കാല ഉത്തരവിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ച് നാലിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയതോടെയാണ് ജില്ലയില്‍ വീണ്ടും സമരകാഹളം ഉയരുന്നത്. മാര്‍ച്ച് നാലിന് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകന്‍, കണ്‍വീനര്‍ ടി.എം. സലീം എന്നിവര്‍ അറിയിച്ചു. കേരളാ കോണ്‍ഗ്രസും (എം) ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ വിജ്ഞാപനം അടിയന്തരിമായി പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് രണ്ടിന് കര്‍ഷകമാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു.
ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണു യുഡിഎഫിന്റെ തീരുമാനം. കേരള കോണ്‍ഗ്രസിന്റെ (എം) നേതൃത്വത്തില്‍ ഇതിനകം തന്നെ ഈ വിഷയത്തില്‍ നിരാഹാര സമരം ആരംഭിക്കുകയും ഇടുക്കിയില്‍നിന്നു തിരുവനന്തപുരത്തേക്കു കര്‍ഷക കാല്‍നട ജാഥ നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. യു.ഡി.എഫിന്റെ ചുവടുപിടിച്ച് മറ്റു രാഷ്ട്രീയ കക്ഷികളും സമരവുമായി ഇറങ്ങിയാല്‍ ഹൈറേഞ്ചില്‍ വീണ്ടും സമര കാഹളം മുഴങ്ങുമെന്ന സ്ഥിതിയാണ്.
ജനവാസമേഖല, തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന വില്ലേജിലെ പാറക്കെട്ടുകളും ചതുപ്പുനിലങ്ങളും തോടുകളുമെല്ലാമാണ് ഇഎസ്എയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് അംഗീകരിക്കപ്പെട്ടാല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുമെന്നാണ് ഇടുക്കി നിവാസികള്‍ ഉയര്‍ത്തുന്ന ആശങ്ക. അത്തരമൊരു സ്ഥിതിയിലേക്കു കാര്യങ്ങള്‍ നീങ്ങുന്നതിനു മുന്‍പു കേരളം തിരുത്തല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സമിതിയുടെ നിലപാട്. അന്തിമ വിജ്ഞാപനം ഇറക്കുന്നതിന്റെ കാലാവധി നീട്ടിയാലും അവസാനം വരെ കാത്തിരിക്കാതെ നടപടി സ്വീകരിക്കണമെന്നും ഇടുക്കിയിലെ ജനങ്ങള്‍ ഒന്നടങ്കം ആവശ്യം ഉന്നയിക്കുന്നു. വിഷയത്തില്‍ സി.പി.എം, സി.പി.ഐ, ബി.ജെ.പി പാര്‍ട്ടികള്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."