കാവേരി നദീജലത്തര്‍ക്കം: സുപ്രിം കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ സുപ്രിംകോടതി ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. നദിയിലെ ജലം വീതിച്ച് നല്‍കിയ 2007 ലെ കാവേരി നദീ ജല തര്‍ക്കപരിഹാര ട്രിബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജികളിലാണ് വിധി. തമിഴ്‌നാടും കര്‍ണാടകവും കേരളവുമാണ് ഹരജിക്കാര്‍.
കാവേരിയിലെ 740 ടി. എം .സി ജലം കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണല്‍ കേരളം, തമിഴ്‌നാട് , കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും ഒപ്പം പുതുച്ചേരിക്കുമായി 2007 ല്‍ വീതിച്ച് നല്‍കിയിരുന്നു. കര്‍ണാടകക്ക് 270 ടി.എം സി, തമിഴ്‌നാടിന് നൂറ്റി പത്തൊന്‍പത്, കേരളത്തിന് മുപ്പത്, പുതുച്ചേരിക്ക് എഴ് ടി എം സി എന്നിങ്ങനെയായാണ് ട്രീബൂണല്‍ വീതിച്ചത്. എന്നാല്‍ ഈ വിധിയില്‍ അതൃപ്തരായ മൂന്ന് സംസ്ഥാനങ്ങളും സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
99.8 ടി എം സി ജലം വിട്ട് കിട്ടണമെന്നാണ് കേരളത്തിന്റെ ആവശ്യം, കബനി, ഭവാനി അടക്കമുള്ള കൈവഴികളിലൂടെ ചുരുങ്ങിയത് 147 ടി.എംസി ജലമെങ്കിലും കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു.
തമിഴ്‌നാടിന് ആവശ്യമായതില്‍ അധികം ജലം ട്രിബ്യണല്‍ അനുവദിച്ചെന്നാണ് കര്‍ണാടകത്തിന്റെ വാദം. പ്രതി ദിനം 2000 ക്യുസെക്‌സ് വെള്ളം വിട്ട് നല്‍കാന്‍ നേരത്തെ സുപ്രിം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും കര്‍ണാടക അംഗീകരിച്ചിട്ടില്ല.
അതേസമയം, കാവേരി നദീതട ജില്ലകളിലും തമിഴ്‌നാട് അതിര്‍ത്തി ജില്ലകളിലും കര്‍ണാടക സുരക്ഷശക്തമാക്കി. വിധിവരുന്നതോടെ കാവേരി നദീജലതര്‍ക്കം വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതു കണക്കിലെടുത്താണ് സുരക്ഷശക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."