നീരവ് മോദി ന്യൂയോര്ക്കിലെന്നു സൂചന
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്കില്‍(പി.എന്‍.ബി)നിന്ന് 11,346 കോടി രൂപ തട്ടിപ്പുനടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ്മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് സൂചന. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നീരവിന്റെ താമസമെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്മെന്റെന്നും റിപ്പോര്‍ട്ടിലുണ്ട്.
അപ്പാര്‍ട്മെന്റിന്റെ 36ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ അമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിഎന്‍ബിയില്‍ നടന്ന തട്ടിപ്പു പുറത്തുവന്ന ബുധനാഴ്ച അപ്പാര്‍ട്മെന്റിലേക്ക് ഒട്ടേറെ ആളുകള്‍ വന്നും പോയുമിരിക്കുകയായിരുന്നുവെന്നാണു വിവരം. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും എന്‍.ഡി.ടി.വി പുറത്തു വിട്ടിട്ടുണ്ട്.
നീരവ് മോദിയും സഹോദരന് നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. അമേരിക്കന്‍ പൗരത്വമുള്ള നീരവിന്റെ ഭാര്യ ജനുവരി ആറിനും അമ്മാവനും ജ്വല്ലറി ഭീമനുമായ മെഹുല്‍ ചോക്സി ജനുവരി നാലിനും ഇന്ത്യ വിട്ടു.
നീരവിനെതിരേ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ പാസ്പോര്‍ട്ടും സി.ബി.ഐ അസാധുവാക്കി. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴിയാണു നീരവ് മോദി കോടികളുടെ തട്ടിപ്പുനടത്തിയത്. അവര്‍ പരാതി റജിസ്റ്റര്‍ ചെയ്യുന്നതിനു തൊട്ടുമുന്‍പ് ഇദ്ദേഹം നാടുവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."