യു.പി തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടം
യു.പിയില്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ എന്തായിരുന്നുവോ ആസൂത്രണം ചെയ്തത് അത് വിജയിക്കുന്നുവെന്നാണ് ഇപ്രാവശ്യത്തെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. മുസ്‌ലിംകളുടെ വോട്ട് ഒരിക്കലും ബി.ജെ.പിക്ക് കിട്ടുകയില്ലെന്ന ബോധ്യത്തില്‍ നിന്നാണ് മുസ്‌ലിം വോട്ടുകളെ ഭിന്നിപ്പിച്ച് അതുവഴി അധികാരത്തില്‍ കയറുക എന്ന ലക്ഷ്യത്തോടെ അമിത്ഷാ കരുക്കള്‍ നീക്കിയത്. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിനേടിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുക എന്നത് ബി.ജെ.പിയുടെ അഭിമാനപ്രശ്‌നം കൂടിയാണ്.
മുസ്‌ലിംവോട്ടര്‍മാരാവട്ടെ പതിവുപോലെ പല ചേരികളിലുമായി ബി.ജെ.പി തന്ത്രം വിജയിപ്പിക്കുവാന്‍ സഹായകരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ആര് ശത്രുക്കള്‍, ആര് മിത്രങ്ങള്‍ എന്നിതുവരെ യു.പി മുസ്‌ലിംകള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കൊതിപ്പിക്കുന്ന വാഗ്ദാനങ്ങളില്‍ മയങ്ങി അവര്‍ക്കുപിന്നാലെ പോവുന്ന ആള്‍കൂട്ടം മാത്രമായി അവര്‍ അധഃപതിച്ചുകൊണ്ടിരിക്കുന്നു. സ്വത്വബോധത്തോടെ സംഘടിച്ച് ശക്തരാവുക എന്ന തിരിച്ചറിവ് നിലനില്‍പ്പ് തന്നെ അവതാളത്തിലായിക്കൊണ്ടിരിക്കുന്ന വേളയില്‍ പോലും അവര്‍ക്കുണ്ടാവുന്നില്ലെന്നത് എന്തുമാത്രം ഖേദകരമാണ്. യു.പിയില്‍ മുസ്‌ലിംകളെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി അവരെ വിഘടിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. മുസ്‌ലിംവോട്ടുകള്‍ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്ന അമിത്ഷാ തന്ത്രം യു.പിയില്‍ വിജയം കാണുകയാണെങ്കില്‍ അത് മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏറെ ദുരിതമായിരിക്കും. മുസ്‌ലിംകള്‍ക്ക് ശരിയായ ദിശാബോധം നല്‍കാന്‍ പ്രാപ്തനായ ഒരു നേതാവ് ഇവിടെ ഇല്ലാതെ പോയതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതര്‍ മാറ്റുരച്ച മൂന്നാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്നലെ കഴിഞ്ഞത്. 2.41 കോടി ജനങ്ങളാണ് 69 മണ്ഡലങ്ങളിലായി വോട്ടുചെയ്തത്. കൊലപാതകികളും ക്രിമിനല്‍ കേസിലെ പ്രതികളും കോടീശ്വരന്‍മാരും കൂട്ടത്തോടെ നിയമനിര്‍മാണ സഭയിലേക്ക് മത്സരിക്കുന്ന ജനാധിപത്യദുരന്തത്തിന് കൂടി യു.പി സാക്ഷിയാവുന്നു. നാലാം ഘട്ട തെരഞ്ഞെടുപ്പിന് ഒരുങ്ങിനില്‍ക്കുന്നത് 189 കോടിപതികളാണ്. 114 ക്രിമിനല്‍ കേസ് പ്രതികളും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ പെട്ട കോടീശ്വരന്‍മാരും മത്സരിക്കുന്ന യു.പി നിയമസഭയില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം കുറ്റവാളികളും കോടിപതികളും സംഗമിക്കുന്നുവെന്നതാണ് ഏറെ ഭയാനകം.
ഓരോ മുസ്‌ലിം സംഘടനയുടെയും നേതാക്കള്‍ ഓരോ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സായൂജ്യമടയുന്നതിനു പകരം രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്ന് സ്വയം സംഘടിച്ച് രാജ്യപുരോഗതിക്കും സമുദായ പുരോഗതിക്കും വേണ്ടി പോരാടുകയാണ് വേണ്ടത്. ഇതിനെ സംബന്ധിച്ച് അവര്‍ക്കിപ്പോഴും ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം കിട്ടിയിട്ടില്ല. അത് നല്‍കാന്‍ ഒരു ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് അവര്‍ക്കില്ലാതെ പോയി. അല്ലെങ്കില്‍ അത്തരമൊരുനേതാവിനെ കണ്ടെത്തുന്നതില്‍ യു.പി മുസ്‌ലിംകള്‍ പരാജയപ്പെട്ടു എന്നതാണ് വാസ്തവം. യു.പിയില്‍ മുസ്‌ലിംകള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കെല്ലാം കാരണം തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുലായംസിങ് യാദവ് മുലായം മൗലാനയായി രൂപാന്തരപ്പെടുന്നു, ഒരു വിഭാഗം മുസ്‌ലിംകള്‍ അവര്‍ക്കുപിന്നാലെ പോവുന്നു.
മായാവതിയാവട്ടെ കുറേ മൗലാനമാരെ സ്ഥാനാര്‍ഥികളായി നിര്‍ത്തിക്കൊണ്ട് വേറെ വിഭാഗം മുസ്‌ലിംകളെ അവരിലേക്ക് അടുപ്പിക്കുന്നു. യു.പിയില്‍ ഏറ്റവും അധികം സ്വാധീനമുള്ള ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് പ്രസിഡന്റ് മൗലാനാ റാബിഅ് ഹസന്‍ നദ്‌വിക്ക് പോലും തന്റെ സംഘടനയിലുള്ളവരെ ഒന്നിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പില്‍ മതപരമായ കാര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നിര്‍ദേശം വച്ചതിനുശേഷവും വര്‍ഗീയദ്രുവീകരണം ലക്ഷ്യം വച്ച് ബി.ജെ.പി വിഷലിപ്തമായ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. കൈനാരിയില്‍ നിന്നും മുസ്‌ലിംകളുടെ ഭീഷണിയെ തുടര്‍ന്ന് ഹിന്ദുക്കള്‍ ഒഴിഞ്ഞുപോയിയെന്ന വ്യാജ പ്രചാരണം ഇപ്പോഴും ആവര്‍ത്തിക്കുന്നു. ബാബരി മസ്ജിദ് തകര്‍ക്കാനെത്തിയവര്‍ക്കെതിരേ വെടിവയ്ക്കുവാന്‍ താന്‍ ഉത്തരവിട്ടതിന്റെ മേന്മ പറഞ്ഞ് മുസ്‌ലിംവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു മുലായം സിങ്.
അദ്ദേഹത്തിന്റെ മകന്‍ അഖിലേഷ് യാദവ് യു.പി ഭരിച്ചപ്പോഴാണ് ഏറ്റവുമധികം വര്‍ഗീയകലാപങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരേ അവിടെയുണ്ടായതെന്ന് എന്തുകൊണ്ട് അദ്ദേഹം ഓര്‍ക്കുന്നില്ല. ഇതിനെതിരേ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന പ്രചാരണങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയായ മതേതരജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനനുസൃതമായ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുക എന്ന ലക്ഷ്യം മുസ്‌ലിംകള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഈ ലക്ഷ്യബോധം എന്ന് യു.പിയില്‍ ഉണ്ടാകുന്നുവോ അന്ന് മാത്രമേ മുസ്‌ലിം സമുദായത്തിന് രാഷ്ട്രീയപ്പാര്‍ട്ടികളുടെ അല്‍പായുസായ പ്രലോഭനങ്ങളില്‍ നിന്ന് മോചിതരാവാന്‍ കഴിയൂ. 'ഏതൊരു ജനതയും സ്വന്തം അവസ്ഥയില്‍ മാറ്റം വരുത്താതെ അല്ലാഹു അവരുടെ അവസ്ഥയില്‍ മാറ്റം വരുത്തുകയില്ലെന്ന' ഖുര്‍ആന്‍ വചനം യു.പിയിലെ പണ്ഡിതന്‍മാര്‍ക്കെങ്കിലും പാഠമാകേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."