ആരവമുയരുമ്പോള്‍ കളത്തിനകത്തും പുറത്തും രവീന്ദ്രനുണ്ട്
വടകര: കൈപന്തുകളിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന കടത്തനാടിന്റെ മണ്ണില്‍ കളിയാരവങ്ങള്‍ക്ക് മുന്നിലും പിന്നിലും കാണുന്ന ഒരു സൗമ്യമുഖമുണ്ട്. ഒരുകാലത്ത് കേരള പൊലിസ് ടീമിന്റെ മികച്ച അറ്റാക്കറായിരുന്ന ഞേറലാട്ട് രവീന്ദ്രന്‍. എഴുപതുകളും എണ്‍പതുകളും കേരളത്തിനു വോളിബോള്‍ എന്നാല്‍ കേരള പൊലിസ് ടീം എന്നായിരുന്നു. അക്കാലങ്ങളില്‍ ജിമ്മി ജോര്‍ജിന്റെയും ജോസ് ജോര്‍ജിന്റെയും ഗോപിനാഥ്, മൂസ എന്നിവരുടെയുമൊക്കെ ഒപ്പം ഒരു ടീമില്‍ ജഴ്‌സിയണിയാനായത് ജീവിതത്തിലെ വലിയെ സൗഭാഗ്യമാണെന്ന് രവീന്ദ്രന്‍ പറയുന്നു. ദേശീയ വോളി മത്സരത്തില്‍ അന്നത്തെ കരുത്തരായ ബി.എസ്.എഫിനോട് ഫൈനലില്‍ പരാജയപ്പെടേണ്ടിവന്നത് ഇന്നും ഓര്‍മയിലുണ്ട്. എങ്കിലും അന്ന് കളിക്കളത്തില്‍ നിറഞ്ഞാടിയ പൊലിസ് ടീമിനായിരുന്നു കാണികളുടെ കൈയടി ലഭിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രണ്ടുവര്‍ഷമാണ് കേരള പൊലിസ് ടീം ഇത്തരത്തില്‍ കെട്ടുറപ്പുള്ളതായത്. ആ രണ്ടുവര്‍ഷവും മുകുന്ദന്‍ നമ്പ്യാരെന്ന കോച്ചിന്റെ കീഴില്‍ വിശ്രമമില്ലാത്ത മത്സരങ്ങളും ക്യാംപുകളുമായിരുന്നു. ടീമംഗങ്ങളെ പൊലിസ് സേവനത്തിനായി വിട്ടിരുന്നില്ല.ജില്ലാ, സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്ത അനുഭവങ്ങള്‍ അയവിറക്കുമ്പോഴും പുതിയ കളിരീതികളില്‍ അത്രയൊന്നും തൃപ്തനല്ല രവീന്ദ്രന്‍. സര്‍വിസ് കൊണ്ട് പോയിന്റ് നേടുന്നതിനുപകരം എതിര്‍ടീമിന്റെ പാളിച്ചകളില്‍നിന്നു പോയിന്റ് നേടുന്ന പുതിയ കളിരീതിയും നിയമങ്ങളും അത്ര നല്ലതല്ലെന്ന് അദ്ദേഹം പറയുന്നു.
കളിക്കാര്‍ക്ക് പരുക്കുകളുണ്ടാകാനും പുതിയ രീതി കാരണമാകുന്നുണ്ട്.
മുന്‍പ് കളിയുടെ എല്ലാ മേഖലകളിലും ഓരോ കളിക്കാരനും നിറഞ്ഞുനിന്നു കളിക്കണമായിരുന്നു. എന്നാല്‍ ഇന്ന് അറ്റാക്കര്‍, ഡിഫന്റര്‍ എന്നിങ്ങിനെ ഓരോന്നിലും സ്‌പെഷലൈസ്ഡ് കളിക്കാരാണ്. എങ്കിലും മികച്ച കളിക്കാര്‍ ഉയര്‍ന്നുവരുന്നുണ്ട്. പുതിയവരില്‍ വോളിബോളിന്റെ ഭാവി ഭദ്രമാക്കാന്‍ കെല്‍പുള്ള ചെറുപ്പക്കാരുണ്ട്. ഇവരെ കൃത്യമായി നയിക്കാനുള്ള നേതൃത്വമാണ് വേണ്ടതെന്നും രവീന്ദ്രന്‍ പറയുന്നു.
വിജിലന്‍സില്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചശേഷവും കളിക്കളങ്ങളില്‍ വിവിധ വേഷങ്ങളില്‍ സജീവമാണ് ഇദ്ദേഹം. 12 വര്‍ഷം ജില്ലാ വോളിബോള്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു.
ജില്ലയ്ക്കകത്തും പുറത്തും നടന്ന വിവിധ മത്സരങ്ങളുടെ സംഘാടകനുമായിരുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരം വോളിബോളിനെ നശിപ്പിക്കുമെന്നാണ് രവീന്ദ്രന്റെ പക്ഷം. കളിയുമായി ബന്ധമില്ലാത്തവര്‍ നേതൃസ്ഥാനങ്ങളിലെത്തുമ്പോള്‍ പുതിയ കളിക്കാര്‍ തഴയപ്പെടുന്ന അവസ്ഥയുണ്ട്. എന്നാല്‍ വോളിബോളിനെ അതിയായി സ്‌നേഹിക്കുന്നവരും നേതൃത്വത്തിലുണ്ട്. ഇവരിലാണ് ഭാവികേരളത്തിന്റെ പ്രതീക്ഷ. കളിയാരവങ്ങള്‍ ഹൃദയമിടിപ്പുപോലെ കാണുന്നവരാണ് കടത്തനാട്ടുകാര്‍. അതുതന്നെയാണ് മറ്റു കളികളുടെ കടന്നുകയറ്റത്തിലും മലബാര്‍ മേഖലയില്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നിറയുന്നതിനു കാരണം.
ദേശീയ ടീമംഗങ്ങള്‍ പോലും ഇവിടേക്കു വരാനും അവരുടെ കളിമികവ് പുറത്തെടുക്കാനും കാരണവും ഈ പ്രോത്സാഹനമാണ്. ഓര്‍ക്കാട്ടേരിയിലെ ഞേറലാട്ട് വീട്ടില്‍ കളിക്കളങ്ങളിലെ തിരക്കുകളില്‍ സന്തോഷവാനാണ് രവീന്ദ്രന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."