കാവേരി വിധി: പ്രതിഷേധത്തില്‍ തമിഴ് ജനത; മധുരം വിളമ്പി കര്‍ണാടക
ന്യൂഡല്‍ഹി: കാവേജി നദീജല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കെതിരെ പ്രതിഷേധമുര്‍ത്തി തമിഴ് ജനത. കര്‍ണാടകയുടെ വിഹിതം വര്‍ധിപ്പിച്ച കോടതി വിധി തമിഴ്‌നാടിനോടുള്ള കടുത്ത അനീതിയാണെന്ന് അണ്ണാ ഡി.എം.കെ നേതാവ് വി. മൈത്രേയന്‍ പ്രതികരിച്ചു. നീതി കിട്ടിയില്ല എന്നാണ് ഇക്കാര്യത്തില്‍ തമിഴ് ജനതയുടെ വികാരം. കേന്ദ്രസര്‍ക്കാര്‍ എത്രയും പെട്ടെന്ന് കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, സംസ്ഥാനത്തിന്റെ വിഹിതം കുറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദി അണ്ണാ ഡി.എം.കെ സര്‍ക്കാരാണെന്ന് പ്രതിപക്ഷമായ ഡി.എം.കെ ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി അവര്‍ എല്ലാം നശിപ്പിക്കുകയാണ്. ഡി.എം.കെയുടെ കാലത്ത് തമിഴ്‌നാടിന് നീതി കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നതാണ്. എന്നാല്‍, അണ്ണാ ഡി.എം.കെ വന്നതോടെ എല്ലാം വെറുതെയായി. കുറഞ്ഞത് 192 ടിഎംസി വെള്ളമെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിടത്താണ് ഈ കുറവു സംഭവിച്ചതെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ്. ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി.
സുപ്രിംകോടതി വിധി നിരാശപ്പെടുത്തിയെന്ന് തമിഴ്‌നാടിനായി ഹാജരായ അഭിഭാഷകന്‍ നവനീത് കൃഷ്ണനും വ്യക്തമാക്കി. വിധിയെക്കുറിച്ച് വിശദമായി പഠിച്ചശേഷം വേണ്ടതു ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
വിധി തന്നെ ഞെട്ടിച്ചെന്ന് നടന്‍ കമല്‍ഹാസന്‍ പ്രതികരിച്ചു. വെള്ളത്തിനു മേല്‍ ഒരു സംസ്ഥാനത്തിനും ഉടമസ്ഥാവകാശം ഇല്ലെന്നതാണ് ആശ്വാസകരമായ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി പ്രഖ്യാപിക്കുന്ന സമയത്ത് ബജറ്റ് അവതരണത്തിനായി സമ്മേളിച്ചിരുന്ന കര്‍ണാടക നിയമസഭയിലെ അംഗങ്ങള്‍, വിധിയറിഞ്ഞ് സന്തോഷം പങ്കുവച്ചു. ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ബജറ്റ് പ്രസംഗം അവതരിപ്പിക്കാന്‍ തയാറെടുക്കുമ്പോഴാണ് സുപ്രിം കോടതി വിധിയെത്തിയത്. ഉടന്‍ തന്നെ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്കടുത്തെത്തി സന്തോഷം പങ്കുവച്ചു.
വിധി സ്വാഗതാര്‍ഹമാണെന്ന് കര്‍ണാടകയ്ക്കായി ഹാജരായ അഭിഭാഷകന്‍ മോഹന്‍ വി. കട്ടാര്‍ക്കിയും പ്രതികരിച്ചു. തമിഴ്‌നാടിന്റെയും കര്‍ണാടകയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു സംസ്ഥാനങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ ഈ വിധി പര്യാപ്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണലിന്റെ വിധിയില്‍ ഭേദഗതി വരുത്തിയ സുപ്രിംകോടതി, തമിഴ്‌നാടിനുള്ള വിഹിതം വെട്ടിക്കുറച്ച് കര്‍ണാടകയ്ക്ക് കൂടുതല്‍ ജലം അനുവദിച്ചിരുന്നു. 14.75 ടിഎംസി അധികജലമാണ് കര്‍ണാടകയ്ക്ക് അനുവദിച്ചത്.
അതേസമയം, കാവേരി നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍, കര്‍ണാടകയിലും തമിഴ്‌നാട്ടിലും സുരക്ഷ ശക്തമാക്കി. കാവേരി നദീജല വിഷയവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ ഇരു സംസ്ഥാനങ്ങളിലും സ്ഥിരമായി ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന പതിവുള്ളതിനാല്‍, ഇരു സംസ്ഥാനങ്ങളിലും കൂടുതല്‍ പൊലിസിനെയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."