കണ്ണൂര്‍ വിമാനത്താവളത്തില്‍ നാളെ റഡാര്‍ പരിശോധന
കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ വ്യോമയാന ഭൂപടത്തിലേക്ക്. നാളെ റഡാര്‍ സംവിധാനങ്ങളുടെ പരിശോധനയ്ക്കായി മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വിമാനമെത്തും. വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ് ചെയ്യുന്നതിനായിട്ടാണ് പരീക്ഷണവിമാനം എത്തുക. പക്ഷേ, ഈ വിമാനം വിമാനത്താവളത്തില്‍ ഇറങ്ങില്ല. കരിപ്പൂരില്‍ നിന്ന് ഒരു പൈലറ്റും മൂന്ന് സാങ്കേതിക വിദഗ്ധരുമടങ്ങിയ സംഘവുമായി എത്തുന്ന എ.എ.ഐയുടെ ഡ്രോണിയര്‍ വിമാനം പരീക്ഷണ പറക്കലിനു ശേഷം കരിപ്പൂരിലേക്ക് തന്നെ തിരിച്ചുപോകും.
വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനി റേഞ്ച് (ഡി.വി.ഒആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമമാക്കുന്നതിനായാണ് പരീക്ഷണവിമാനം എത്തുന്നത്. വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന് മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ് റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് പ്രവര്‍ത്തനക്ഷമമാക്കുക.
കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ യാത്രാ വിമാനങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേക്ക് കൃത്യമായി പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തിന് മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമാകും. 112.6 മെഗാഹെട്‌സാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന് അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."