അക്ബര്‍ മാഷില്ലാതെ കക്കട്ടില്‍ തനിച്ചായിട്ട് രണ്ടാണ്ട്
കക്കട്ടില്‍: മലയാളികളെ നര്‍മം കൊണ്ട് കുടുകുടാ ചിരിപ്പിച്ച പ്രിയ കഥാകൃത്ത് അക്ബര്‍ കക്കട്ടില്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുന്നു. തങ്ങളെ ദു:ഖത്തിലാഴ്ത്തിയ മാഷിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാത്തവരാണ് ഇന്നും കക്കട്ടുകാര്‍.
ദേശത്തിന്റെ കഥാകാരനായ അക്ബര്‍ മനുഷ്യപറ്റുള്ള എഴുത്തും വടക്കന്‍ മലബാറിന്റെ തനതായ ഭാഷാപ്രയോഗവും രചനയിലുടനീളം കാത്തു സൂക്ഷിച്ച നാട്ടുകാരുടെ പ്രിയങ്കരന്‍ കൂടിയായിരുന്നു. കക്കട്ടിലിന്റെ സാംസ്‌കാരിക, സാമൂഹിക വിദ്യാഭ്യാസരംഗത്ത് സജീവമായിരുന്ന അദ്ദേഹം നാട്ടിലെ ചെറുതും വലുതുമായ പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു.
അധ്യാപക കഥകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത നാട്ടുകാരുടെ അക്ബര്‍ മാഷ് വിട പറഞ്ഞിട്ട് വര്‍ഷം രണ്ടാകുമ്പോള്‍ നാടെങ്ങും അദ്ദേഹത്തിന്റെ സ്മരണയിലാണ്. മാഷിന്റെ ചരമദിനത്തിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രദേശത്തെ രാഷ്ട്രീയ, സാംസകാരിക സംഘടനകള്‍ വ്യത്യസ്തമായ പല അനുസ്മരണ പരിപാടികളും നടത്തിക്കഴിഞ്ഞു.
അമ്പലകുളങ്ങര ദേശീയ ഗ്രന്ഥശാല സംസ്ഥാനതല ചെറുകഥാ ക്യാംപ് സംഘടിപ്പിച്ചു. കക്കട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാരുതയിലെ സുഹൃത്തുക്കള്‍ മാഷിന്റെ ഓര്‍മയില്‍ 'ഓര്‍മയുടെ മുറ്റത്ത് ' ഒരുക്കി. കൂട്ടുകാരനും ചിത്രകാരനുമായ രാജഗോപാലന്‍ കാരപ്പറ്റ വരച്ച അക്ബര്‍ മാഷിന്റെ ഛായാചിത്രം ചരിത്രകാരന്‍ പി.ഹരീന്ദ്രനാഥ് അനാച്ഛാദനം ചെയ്തു. കൂടാതെ കൂട്ട് കക്കട്ടിലിന്റെ ആഭിമുഖ്യത്തില്‍ എടച്ചേരി തണല്‍ അന്തേവാസികള്‍ക്കൊപ്പം അക്ബര്‍ സ്മരണ പുതുക്കി. അദ്ദേഹം അധ്യാപക ജീവിതത്തിന് വിരാമമിട്ട വട്ടോളി നാഷനല്‍ ഹൈസ്‌കൂളും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
വലുതും ചെറുതുമായ ഏതുപരിപാടിയിലും മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് ഉത്സാഹത്തോടെ ഓടിയെത്താറുള്ള മാഷിന്റെ സ്മരണയില്‍ നടത്തിയ പല പരിപാടികള്‍ക്കും കേരളത്തിലെ പല പ്രമുഖരും ഇതിനകം കക്കട്ടിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു. ഇന്ന് അക്ബര്‍ ട്രസ്റ്റിന്റെയും കേരള സാഹിത്യ അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."