സ്‌കൂളുകള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു
ന്യൂഡല്‍ഹി: കോഴിക്കോട് മലാപ്പറമ്പ് അടക്കം മൂന്ന് എയ്ഡഡ് സ്‌കൂളുകള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജികള്‍ തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
പൊതുതാല്‍പര്യം മുന്‍നിര്‍ത്തി സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി. സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിസഭയും നിയമസഭയും ഇക്കാര്യത്തില്‍ കൈക്കൊണ്ട തീരുമാനത്തില്‍ അപാകതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മലാപ്പറമ്പ്, കിരാലൂര്‍, പാലാട്ട് സ്‌കൂളുകളാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചത്. തുടര്‍ന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
സ്‌കൂള്‍ ഏറ്റെടുത്തത് അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരേയാണ് മുന്‍ മാനേജര്‍മാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. കേരള വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥകളാണ് സ്‌കൂള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ആത്യന്തികമെന്ന് ഉത്തരവില്‍ സുപ്രിംകോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."