പഞ്ചായത്ത് ദിനാഘോഷം പെരിന്തല്‍മണ്ണയില്‍
തിരുവനന്തപുരം: വിപുലമായ പരിപാടികളോടെ പഞ്ചായത്ത് ദിനാഘോഷം ഷിഫ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. നാളെ രാവിലെ 9.45ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.കെ. തുളസി പതാക ഉയര്‍ത്തും. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ.ടി ജലീല്‍ മുഖ്യപ്രഭാഷണം നടത്തും.
എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.ഐ ഷാനവാസ് എന്നിവര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ മലപ്പുറം ജില്ലയിലെ നിയമസഭാംഗങ്ങള്‍, ഔദ്യോഗിക രംഗത്തെ പ്രമുഖര്‍, സംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും.
ഉച്ചയ്ക്ക് രണ്ടുമുതല്‍ 'നവകേരളം വിവിധ മിഷനുകള്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാര്‍ ധനകാര്യ മന്ത്രി ഡോ.ടി.എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനാകുന്ന യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിഷയാവതരണം നടത്തും.
മുന്‍ മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന സെമിനാറില്‍ വിവിധ മിഷനുകളെ പ്രതിനിധീകരിച്ച് ഡോ.ടി.എന്‍ സീമ, അദീല അബ്ദുല്ല, ഡോ.സി.കെ ജഗദീശന്‍, ഡോ.സി. രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ.കെ.എന്‍ ഹരിലാല്‍ മോഡറേറ്ററായിരിക്കും.
19ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. നിയമകാര്യ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ. തുളസി അധ്യക്ഷനാകും. ഡോ.എം.കെ മുനീര്‍ മുഖ്യാതിഥിയാവും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് മോഡറേറ്ററായിരിക്കും.
ഉച്ചയ്ക്ക് രണ്ട് മുതല്‍ നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മികച്ച പഞ്ചായത്തുകള്‍ക്കുള്ള സ്വരാജ് ട്രോഫി വിതരണവും മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മഹാത്മാ ട്രോഫി വിതരണം ചെയ്ത് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സംസാരിക്കും. വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരദാനം പി.വി അബ്ദുല്‍ വഹാബ് എം.പിയും സമ്മാനദാനം ഒ. രാജഗോപാല്‍ എം.എല്‍.എയും നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."