സജി ബഷീറിന്റെ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം: ഹൈക്കോടതി
കൊച്ചി: സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിങ് ആന്‍ഡ് ട്രെയിനിങില്‍ (സി ആപ്റ്റ്) നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സിഡ്‌കോ മുന്‍ എം.ഡി സജി ബഷീര്‍ നല്‍കിയ അപേക്ഷ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ രണ്ടുമാസത്തിനുള്ളില്‍ പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
അതേസമയം സജി ബഷീറിനെതിരേ നടപടി എടുക്കാന്‍ തടസമില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. സി ആപ്റ്റില്‍ നിയമനം തേടി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നില്ലെന്ന സജി ബഷീറിന്റെ ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സജി ബഷീറിനെ നേരത്തെ സിഡ്‌കോയുടെ എം.ഡി സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കിയിരുന്നു. ഇതിനെതിരേ സജി ബഷീര്‍ നല്‍കിയ ഹരജിയില്‍ പുനര്‍നിയമനം നല്‍കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. കോടതിയുത്തരവുണ്ടായിട്ടും തനിക്ക് നിയമനം നല്‍കിയില്ലെന്നാരോപിച്ച് സജി ബഷീര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഇതോടൊപ്പം തീര്‍പ്പാക്കുകയും ചെയ്തു. തുടര്‍ന്നാണ് സി ആപ്റ്റില്‍ നിയമനം തേടി സജി ബഷീര്‍ രംഗത്തു വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."