പ്രിയപ്പെട്ട അഫ്‌സല്‍, നീ ഇവിടെത്തന്നെയുണ്ട്...
അഫ്‌സല്‍...പുഞ്ചിരിച്ച മുഖവുമായി ആ കൂട്ടുകാരനുണ്ടായിരുന്നു എല്ലായിടത്തും. കലോത്സവത്തിനെത്തിയവരെല്ലാം അവന്റെ ചിത്രത്തെ ഹൃദയത്തോടു ചേര്‍ത്തുവച്ചു. കവാടത്തിലും വഴിയരികുകളിലും എല്ലായിടത്തും ആ മുഖം മാത്രം. വേദികള്‍ക്കു മുന്നില്‍ പതിച്ച അഫ്‌സലിന്റെ ചിത്രങ്ങള്‍ക്കിടയിലൂടെയാണ് എല്ലാവരും കലോത്സവം കണ്ടത്.
കലയുടെ ആഹ്ലാദത്തെക്കാള്‍ കണ്ണുനീരിന്റെ നനവായിരുന്നു പലരുടെയും മുഖങ്ങളില്‍. ഇന്നലെവരെ തങ്ങള്‍ക്കൊപ്പം ഓടിച്ചാടി നടന്നിരുന്ന കൂട്ടുകാരന്റെ വിയോഗവാര്‍ത്ത ആര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. ശനിയാഴ്ച പുലര്‍ച്ചെയാണു നായന്മാര്‍മൂല പാണൂരിലുണ്ടായ വാഹനാപകടത്തില്‍ അഹമ്മദ് അഫ്‌സല്‍ മരണപ്പെടുന്നത്.
കലോത്സവത്തിന്റെ വിജയത്തിനായി ഓടിനടക്കുന്നത്തിനിടയില്‍ രംഗബോധമില്ലാത്ത കോമാളിയെ പോലെയെത്തിയ മരണം അഫ്‌സലിനെ തട്ടിയെടുത്തപ്പോള്‍ കൂട്ടുകാരെല്ലാം തളര്‍ന്നുപോയി.
നീറുന്ന സങ്കടത്തെ ഉള്ളിലൊതുക്കി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഏറ്റെടുത്ത ദൗത്യം പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലുള്ളത് 'ഒന്നിനും ഒരു കുറവുമുണ്ടാകരുത് എല്ലാം ഭംഗിയാകണം' എന്ന അഫ്‌സലിന്റെ വാക്കുകളുടെ ഊര്‍ജമാണ്. തങ്ങളുടെ പ്രിയപ്പെട്ട അഫ്‌സല്‍ തങ്ങള്‍ക്കൊപ്പം തന്നെയുണ്ടെന്നു വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. അതിനാല്‍ ഉടുപ്പുകളിലല്ല ഹൃദയത്തിലാണ് അവര്‍ കൂട്ടുകാരന്റെ ചിത്രം തുന്നിവച്ചിരിക്കുന്നത്.
അഫ്‌സലിന്റെ വേര്‍പാടില്‍ അനുശോചിച്ചു കലോത്സവ നഗരിയില്‍ യോഗം ചേര്‍ന്നു. വി.എസ് അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.കെ വിഷ്ണു അധ്യക്ഷനായി. പത്മനാഭന്‍ കാവുമ്പായി, ഒ.എം വിനോദ്, എം വിജിന്‍, ഹാഷിം, പ്രദീപ്, നിഷാദ് സംബന്ധിച്ചു. ഉസ്താദ് ഹസന്‍ ബായി ഷഹനായിയിലൂടെ അഫ്‌സലിന് സ്മരണാഞ്ജലിയര്‍പ്പിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."