ട്രെയിനുകളുടെ വൈകിയോട്ടം; ജില്ലയിലെ യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതം
കാസര്‍കോട്: ജില്ലയിലൂടെ കടന്നു പോകുന്ന ട്രെയിനുകളുടെ വൈകിയോട്ടം കാരണം യാത്രക്കാര്‍ വലയുന്നു. രണ്ടുംമൂന്നും മണിക്കൂറുകള്‍ വൈകിയെത്തുന്നതു കാരണം രോഗികളടക്കമുള്ള ദീര്‍ഘ ദൂരയാത്രക്കാരുടെ ദുരിതം ഇരട്ടിയായി. പരപ്പനങ്ങാടിയില്‍ റെയില്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാത്രി മംഗളൂരുവില്‍ നിന്ന് 10.20നു പുറപ്പെടേണ്ട വെസ്റ്റ്‌കോസ്റ്റ്് എക്‌സ്പ്രസ് ഇപ്പോള്‍ ഒന്നര മണിക്കൂറോളം വൈകിയാണു യാത്രതുടങ്ങുന്നത്. എന്നാല്‍ വെള്ളി, ശനി ദിവസങ്ങളില്‍ സാധാരണപോലെ തുടരുന്നുമുണ്ട്. മാര്‍ച്ച് ആറുവരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.
അതുപോലെ രാവിലെ ജില്ലയിലെത്തുന്ന മലബാര്‍, മംഗലാപുരം എക്‌സ്പ്രസുകള്‍ ഇപ്പോള്‍ ഒരുമാസത്തിലധികമായി വൈകിയോടുകയാണ്. കണ്ണൂര്‍, കാസര്‍കോട് ഭാഗങ്ങളില്‍നിന്നു മംഗളൂരുവിലേക്കും നിരവധി വിദ്യാര്‍ഥികളും രോഗികളും നിത്യേന യാത്രചെയ്യുന്നുണ്ട്. മണിക്കൂറോളം വൈകുന്നതുകാരണം വിദ്യാര്‍ഥികള്‍ക്ക് അന്നത്തെ ദിവസത്തെ പഠനം നഷ്ടമാകുന്നുണ്ട്. രോഗികള്‍ക്കു ഡോക്ടറെ കാണാനോ പരിശോധനകള്‍ നടത്താനോ സാധിക്കുന്നില്ല. അതുപോലെ ഏറെ ബുദ്ധിമുട്ടിലാകുന്നതു തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടെത്തുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. രാവിലെയെത്തി ഓഫിസിലെത്താനുള്ള സാഹചര്യവും ഇപ്പോള്‍ നഷ്ടമാവുകയാണ്. കാസര്‍കോട് നിന്നു മംഗളൂരു പോകുന്നവര്‍ ട്രെയിനാണ് ആശ്രയിക്കുന്നത്.
ട്രെയിനുകള്‍ വൈകിയോടുന്ന കാര്യം അനൗണ്‍സ്‌മെന്റ് ചെയ്യുന്നതല്ലാതെ ഇത്തരം ട്രെയിനുകള്‍ സ്റ്റേഷനിലെത്തുന്ന സമയം അറിയിക്കുന്നില്ല. ആഴ്ചകളോളം അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ ഈ അറിയിപ്പെങ്കിലും മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."