റെക്കോര്‍ഡ് വിജയം അടിച്ചെടുത്ത് ആസ്‌ത്രേലിയ
ഓക്ക്‌ലന്‍ഡ്: റണ്‍സ് പ്രളയം കണ്ട ടി20 പോരാട്ടത്തില്‍ റെക്കോര്‍ഡ് വിജയം പിടിച്ചെടുത്ത് ആസ്‌ത്രേലിയ. ത്രിരാഷ്ട്ര ടി20 പരമ്പരയിലെ അഞ്ചാം പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് കീഴടക്കി ആസ്‌ത്രേലിയ ചരിത്ര വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഓസീസ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ടി20യുടെ ചരിത്രത്തില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഒരു ടീം സ്വന്തമാക്കുന്ന ഏറ്റവും മികച്ച വിജയമെന്ന റെക്കോര്‍ഡും ഓസീസ് മത്സരത്തില്‍ നേടി. ഈ റെക്കോര്‍ഡുകള്‍ കൂടാതെ നിരവധി മറ്റ് റെക്കോര്‍ഡുകള്‍ മത്സരത്തില്‍ കണ്ടു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനായി മാര്‍ടിന്‍ ഗുപ്റ്റില്‍- കോളിന്‍ മണ്‍റോ സഖ്യം മിന്നല്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 132 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കരിയറിലെ രണ്ടാം ടി20 ശതകം പിന്നിട്ട ഗുപ്റ്റില്‍ ടി20യിലെ സ്വന്തം മികച്ച സ്‌കോറും മെച്ചപ്പെടുത്തി. 54 പന്തില്‍ ഒന്‍പത് സിക്‌സും ആറ് ഫോറും സഹിതം താരം അടിച്ചെടുത്തത് 105 റണ്‍സ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡും ഗുപ്റ്റില്‍ സ്വന്തം പേരില്‍ കുറിച്ചു. ആറ് വീതം സിക്‌സും ഫോറും പറത്തി മണ്‍റോ 33 പന്തില്‍ അടിച്ചെടുത്തത് 76 റണ്‍സ്. ഇരുവരുടേയും മികച്ച ബാറ്റിങാണ് കിവി സ്‌കോര്‍ 243ല്‍ എത്തിച്ചത്.
മറുപടി പറഞ്ഞ ആസ്‌ത്രേലിയക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഡിയാര്‍സി ഷോര്‍ടും ചേര്‍ന്ന ഓപണിങ് സഖ്യം മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 121 റണ്‍സ് പടുത്തുയര്‍ത്തി. വാര്‍ണര്‍ 24 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 59 റണ്‍സെടുത്തു. ഷോര്‍ട് 44 പന്തുകള്‍ നേരിട്ട് എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം അടിച്ചെടുത്തത് 76 റണ്‍സ്. പിന്നീടെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ 14 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 31 റണ്‍സും ആരോണ്‍ ഫിഞ്ച് 14 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും പറത്തി പുറത്താകാതെ 36 റണ്‍സുമെടുത്ത് ഓസീസിനെ വിജയ തീരമെത്തിച്ചു. ഷോര്‍ടാണ് കളിയിലെ താരം.
മത്സരത്തില്‍ പിറന്ന റെക്കോര്‍ഡുകള്‍
റണ്‍ മഴ പെയ്ത പോരാട്ടത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് 38.5 ഓവറില്‍ അടിച്ചെടുത്തത് 488 റണ്‍സ്. .
- അന്താരാഷ്ട്ര ടി20യില്‍ റണ്‍സ് പിന്തുടര്‍ന്ന് മികച്ച വിജയം സ്വന്തമാക്കിയെന്ന റെക്കോര്‍ഡ് ഇനി ആസ്‌ത്രേലിയക്ക് സ്വന്തം. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 243 റണ്‍സ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 245 റണ്‍സെടുത്ത് തിരുത്തി. 2015ല്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ഏഴിന് 231 റണ്‍സ് പിന്തുടര്‍ന്ന് ആറിന് 236 റണ്‍സടിച്ച് മറികടന്ന വെസ്റ്റിന്‍ഡീസിന്റെ റെക്കോര്‍ഡാണ് ഓസീസ് പിന്തള്ളിയത്.
- ന്യൂസിലന്‍ഡ് ഓപണര്‍ മാര്‍ടിന്‍ ഗുപ്റ്റില്‍ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡിട്ടു. ആസ്‌ത്രേലിയക്കെതിരേ സെഞ്ച്വറി നേടിയ ഗുപ്റ്റില്‍ 73 ടി20 മത്സരങ്ങളില്‍ നിന്ന് നേട്ടം 2188 റണ്‍സിലെത്തിച്ചു. മുന്‍ കിവി താരം തന്നെയായ ബ്രെണ്ടന്‍ മക്കല്ലത്തിന്റെ 2140 റണ്‍സിന്റെ നേട്ടമാണ് ഗുപ്റ്റില്‍ പഴങ്കഥയാക്കിയത്.
- മത്സരത്തില്‍ ഇരു ടീമുകളും ചേര്‍ന്ന് പറത്തിയത് 32 സിക്‌സറുകള്‍. ഒരു ടി20 പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറക്കുന്നതിന്റെ റെക്കോര്‍ഡ് നേട്ടത്തില്‍ ഈ മത്സരവും ചേര്‍ക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."