കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇന്നറിയാം
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നാലാം സീസണില്‍ നിലവിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാവി ഇന്നറിയാം. ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ തീരു. ജയിച്ചില്ലെങ്കില്‍ പുറത്ത്. ജയിച്ചാലും ജംഷഡ്പൂര്‍ എഫ്.സി. എഫ്.സി.ഗോവ, മുംബൈ സിറ്റി എഫ്.സി ടീമുകളുടെ അടുത്ത മത്സരങ്ങള്‍ കൂടി എങ്ങനെ ആകും എന്നതിനെ ആശ്രയിച്ചാകും സെമി ഫൈനല്‍ സ്ഥാനം ലഭിക്കുമോ ഇല്ലയോ എന്നറിയാന്‍ കഴിയൂ. ഇന്ന് ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ ദുര്‍ബലരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെ തോല്‍പ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്.
നിലവില്‍ ബംഗളുരു സെമി ഉറപ്പാക്കി കഴിഞ്ഞു. പിന്നാലെയുള്ള പൂനെ, ചെന്നൈയിന്‍ ടീമുകള്‍ സെമി ഏതാണ്ടുറപ്പിച്ചാണ് നില്‍ക്കുന്നതും. ഫലത്തില്‍ ഒരു സീറ്റ് മാത്രമെ അവശേഷിക്കുന്നുള്ളു. ഈ സീറ്റിനുവേണ്ടിയാണ് ജംഷെഡ്പൂര്‍, ബ്ലാസ്റ്റേഴ്‌സ്, ഗോവ, മുംബൈ ടീമുകളുടെ കാത്തിരിപ്പ്. ഇതില്‍ ജംഷഡ്പൂരും ബ്ലാസ്റ്റേഴ്‌സും 15 മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു. ഗോവയും മുംബൈയും 14 മത്സരങ്ങളും. ബ്ലാസ്റ്റേഴ്‌സ് ഇനി മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ 30 പോയിന്റില്‍ എത്തും. അതേസമയം ജംഷഡ്പൂര്‍ രണ്ട് മത്സരം ജയിച്ചാല്‍ അവര്‍ക്ക് 31 പോയിന്റ് ആകും. അതായത് ബ്ലാസ്റ്റേഴ്‌സ് മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും ഇനി ജംഷഡ്പൂര്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ രണ്ട് മത്സരം ജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് പുറത്താകും. ഗോവ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കുകയും ഒരു സമനില നേടുകയും ചെയ്താല്‍ അവര്‍ 30ല്‍ എത്തും. എന്നാല്‍ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ജയിച്ചാലും മുംബൈയുടെ കാര്യം സംശയമാണ്. അവര്‍ക്ക് 29 പോയിന്റ് മാത്രമെ ആകുകയുള്ളു. പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യറ്റൈഡ് കഴിഞ്ഞ മത്സരത്തില്‍ പത്താം സ്ഥാനക്കാരായ ഡല്‍ഹി ഡൈനാമോസിനോട് തോറ്റ ക്ഷീണത്തിലാണ്. മത്സരത്തിന്റെ 56ാം മിനുട്ടില്‍ അവരുടെ ഗോള്‍ മെഷീനായ മാഴ്‌സീഞ്ഞോയെ പരുക്കേറ്റ് മാറ്റേണ്ടിയും വന്നു. മാഴ്‌സീഞ്ഞോയ്ക്ക് ഇന്ന് കളിക്കാന്‍ കഴിയില്ല എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. അതേപോലെ ഡല്‍ഹിക്കെതിരേ തോറ്റ മത്സരത്തിനിടെ ഡിഡിക്കയ്ക്കും പരുക്കുമൂലം രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പുറത്തു പോകേണ്ടി വന്നു. ഏക മുന്‍നിര താരം മായിക് സീമയ്ക്കും ഡല്‍ഹിക്കെതിരേ മുഴുവന്‍ സമയവും കളിക്കാന്‍ കഴിഞ്ഞില്ല. പകരം മീത്തെ, ഡാനിലോ ലോപ്പസ്, ജോണ്‍ മോസ്‌ക്യൂറോ എന്നിവരെ കൊണ്ടുവരേണ്ടി വന്നു. മിഡ്ഫീല്‍ഡില്‍ റൗളിങ്ങ് ബോര്‍ഹസും ഒട്ടും ഫോമില്‍ അല്ലായിരുന്നു. എന്നാല്‍, സാംബീഞ്ഞ, നിര്‍മ്മല്‍ ഛേത്രി, എന്നിവര്‍ക്ക് പുറമെ ലെന്‍ ഡൂങ്കലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുതി ഇരിക്കേണ്ടത്. തുടര്‍ച്ചയായി മൂന്ന് തോല്‍വികളാണ് നോര്‍ത്ത്ഇസ്റ്റിന് നേരിടേണ്ടി വന്നത്. പൂനെ, ഡല്‍ഹി, ജംഷഡ്പൂര്‍ ടീമുകളോടാണ് നോര്‍ത്ത്ഈസ്റ്റിന്റെ തോല്‍വി.
പൂനെക്കതിരേ നേടിയ 2-1ന്റെ വിജയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ എ.ടി.കെയുമായുള്ള 2-2 സമനില എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സന്ദേശ് ജിങ്കന്‍ , ഇയാന്‍ ഹ്യൂം എന്നിവര്‍ ഇല്ലാതെ കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സിനെ കാര്യമായി ബാധിച്ചു. ഇതില്‍ ജിങ്കന്റെ അഭാവം പ്രതിരോധ നിരയെ പാടെ ദുര്‍ബലരാക്കി. ലാല്‍റുവതാരയ്ക്ക് ഒറ്റയ്ക്കു കൈകാര്യം ചെയ്യുക എളുപ്പമായിരുന്നില്ല. വെസ് ബ്രൗണ്‍, ലാക്കിച്ച് പെസിച്ച് എന്നിവര്‍ കളിക്കാനുണ്ടായിരുന്നുവെങ്കിലും ജിങ്കന്റെ അഭാവം വ്യക്തമായിരുന്നു.
ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രണ്ട് ടീമുകളും മാറ്റങ്ങളുടെ സൂചനകള്‍ ഒന്നും നല്‍കിയില്ല. നോര്‍ത്ത്ഈസ്റ്റിന്റെ പരിശീലകന്‍ അവ്‌റാം ഗ്രാന്റും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകന്‍ ഡേവിഡ് ജെയിംസും ഗുരു ശിഷ്യന്മാരാണ്. അതേപോലെ രണ്ട് പേരും പകരക്കാരായാണ് രണ്ട് ടീമുകളുടേയും പരിശീലക സ്ഥാനത്തേക്കു സീസണ്‍ പകുതി പിന്നിടുമ്പോള്‍ വന്നെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ പോര്‍ട്ട്‌സ്മൗത്തില്‍ അയിരുന്നു ഇരുവരും. 2010ല്‍ അവ്‌റാം ഗ്രാന്റിന്റെ ശിക്ഷണത്തില്‍ പോര്‍ട്ട്‌സ്മൗത്ത് എഫ്. എ കപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ടീമിനെ നയിച്ചത് ഡേവിഡ് ജെയിംസാണ്. അന്ന് ഫൈനലില്‍ ചെല്‍സിയോട് 0-1നാണ് പോര്‍ട്ട്‌സ്മൗത്ത് തോറ്റത്.
'എട്ട് വര്‍ഷം മുന്‍പ് ഇന്നത്തെ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് എന്റെ കളിക്കാരനായിരുന്നു. അന്ന് എഫ്. എ കപ്പ് ഫൈനലില്‍ കളിച്ചത് അവിശ്വസനീയ നേട്ടമാണ്. ജെയിംസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. എല്ലാ ആശംസകളും ഞാന്‍ അദ്ദേഹത്തിനു നല്‍കിയിരുന്നു. പക്ഷേ, വിജയിക്കാന്‍ കഴിയാതെ പോയി- അവ്‌റാം ഗ്രാന്റ് പറഞ്ഞു. സെമി ഫൈനല്‍ പ്ലേ ഓഫ് മോഹങ്ങള്‍ ചുരുട്ടിക്കെട്ടിക്കഴിഞ്ഞ നോര്‍ത്ത്ഈസ്റ്റ് നേടിയ മൂന്ന് വിജയങ്ങളില്‍ രണ്ടും ഗുവാഹത്തിയിലെ സ്വന്തം തട്ടകത്തില്‍ വച്ചാണ്.
ഇന്നലെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സഹ പരിശീകന്‍ ഹെര്‍മാന്‍ ഹ്‌രിയോര്‍സനാണ് വാര്‍ത്താ സമ്മേളനത്തിനെത്തിയത്. 'ഞങ്ങള്‍ ഇപ്പോഴും രംഗത്തുണ്ട്. എല്ലാ മത്സരങ്ങളിലും ജയിക്കുകയാണ് ഇനി ലക്ഷ്യം. ടീമിന്റെ പുരോഗമനത്തില്‍ ആഹ്ലാദം തോന്നുന്നു. കഴിഞ്ഞ മത്സരത്തില്‍ ഞങ്ങള്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. 18 ഷോട്ടുകളും 25 ക്രോസുകളും വന്നു' സഹപരിശീകന്‍ ഹെര്‍മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."