ട്രംപിന്റെ യാത്രാവിലക്ക് മുസ്‌ലിംകളോടുള്ള വിവേചനമെന്ന് യു.എസ് കോടതി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാവിലക്ക് നിയമവിരുദ്ധമായ മുസ്‌ലിം വിവേചനമാണെന്ന് അമേരിക്കന്‍ കോടതി. ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി അമേരിക്കന്‍ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും വിര്‍ജിനിയ ഫെഡറല്‍ അപ്പീല്‍ കോടതി വ്യക്തമാക്കി.
യാത്രാവിലക്ക് ഏര്‍പ്പെടുത്തിയുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഭരണകൂടം നിയമപരമായി നേരിടുന്ന ഒടുവിലത്തെ തിരിച്ചടിയാണിത്.
വിര്‍ജിനിയ കേന്ദ്രമായുള്ള നാലാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണു വിലക്കിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ ഒരു ഫെഡറല്‍ കോടതി യാത്രാവിലക്കിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
ഇതിനു മുന്‍പ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഒന്‍പതാമത് യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും അല്ലാതെയുമുള്ള ട്രംപിന്റെ സംസാരം തന്നെ ഈ വിവേചനത്തെ സാധൂകരിക്കുന്നതാണെന്നും ഇരുകോടതികളും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ, വിവിധ ഫെഡറല്‍ കോടതികളില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവിന് തിരിച്ചടി നേരിട്ടിരുന്നെങ്കിലും അടുത്തിടെ യു.എസ് സുപ്രിംകോടതി നടപടി ശരിവച്ചിരുന്നു. ഇതോടെ മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. അതേസമയം, വിധിക്കെതിരായ പൊതുതാല്‍പര്യ ഹരജികള്‍ തുടര്‍ന്നും പരിഗണിക്കുമെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഏപ്രിലില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് ജൂണ്‍ അവസാനത്തോടെ കേസില്‍ അന്തിമവിധി പുറപ്പെടുവിക്കാനാണ് നീക്കം.
ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുത നിറഞ്ഞതാണ് പ്രസിഡന്റിന്റെ ഉത്തരവെന്നും ട്രംപിന്റെ ഔദ്യോഗിക പ്രസ്താവനകളും നിരോധന പ്രഖ്യാപനവും അതിനു വ്യക്തമായ തെളിവാണെന്നും അപ്പീല്‍ കോടതി ചീഫ് ജസ്റ്റിസ് റോജര്‍ ഗ്രിഗറി ഉത്തരവില്‍ പറഞ്ഞു. നിരോധന പ്രഖ്യാപനം തീര്‍ത്തും ഭരണഘടനാ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു.2017 ജനുവരിയില്‍ ട്രംപ് അധികാരത്തിലേറിയ ഉടനെയാണ് ആറ് മുസ്‌ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അഭയാര്‍ഥികള്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സിറിയ, യമന്‍ എന്നീ രാജ്യങ്ങള്‍ക്കായിരുന്നു ആദ്യഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."