ഫ്‌ളോറിഡ വെടിവയ്പ്പ്: 19കാരന്‍ കുറ്റം സമ്മതിച്ചു
വാഷിങ്ടണ്‍: അമേരിക്കയെ നടുക്കിയ ഫ്‌ളോറിഡ സ്‌കൂളിലെ വെടിവയ്പ്പില്‍ പ്രതി കുറ്റം സമ്മതിച്ചു. 19കാരനായ നിക്കോളാസ് ക്രൂസ് ആണ് പൊലിസിനു മുന്‍പാകെ കുറ്റം സമ്മതിച്ചത്. ക്രൂസിനെ കോടതിയില്‍ ഹാജരാക്കി.
സ്‌കൂളില്‍ നേരത്തെ തന്നെ എത്തി വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ക്രൂസ് പൊലിസിനോട് വ്യക്തമാക്കിയത്. തുടര്‍ന്ന് ആയുധം ഉപേക്ഷിച്ചു മുങ്ങുകയായിരുന്നു. ഒരു ബാഗില്‍ വേറെയും വെടിക്കോപ്പുകള്‍ കരുതിയിരുന്നതായും ക്രൂസ് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയതിനു പിറകെ സമീപത്തെ മക്ക്‌ഡൊണാള്‍ഡ്, വാള്‍മാര്‍ട്ട് ഷോപ്പുകളിലും ഇയാള്‍ പ്രവേശിച്ചിരുന്നത്രെ.
ഒരു വര്‍ഷം മുന്‍പു തന്നെ പ്രതിയെ കുറിച്ച് എഫ്.ബി.ഐക്ക് സൂചനകള്‍ ലഭിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ക്രൂസ് കുറ്റകൃത്യ മനോഭാവമുള്ളയാളാണെന്നായിരുന്നു വിവരം. ഇയാള്‍ രണ്ട് വ്യത്യസ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലായി കത്തിയും തോക്കുമായി പോസ് ചെയ്ത ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ഈ അക്കൗണ്ടുകള്‍ പിന്നീട് നീക്കം ചെയ്തിട്ടുണ്ട്.
ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് മൂന്നോടെയാണ് ഫ്‌ളോറിഡ പാര്‍ക്ക്‌ലാന്‍ഡിലെ മജോരിറ്റ് സ്റ്റോണ്‍മാന്‍ ഡഗ്ലസ് ഹൈസ്‌കൂളില്‍ ഭീകരമായ വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ കുട്ടികളടക്കം 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ടയാളാണ് പ്രതി നിക്കോളാസ് ക്രൂസ്.
തോക്കുമായി സ്‌കൂളിലെത്തിയ നിക്കോളാസ് ഒരു പ്രകോപനവുമില്ലാതെ കണ്ണില്‍ കണ്ടവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം സ്‌കൂളിനു പുറത്തുകണ്ട മൂന്നു പേരെ വെടിവച്ചു കൊന്നു. തുടര്‍ന്നാണ് സ്‌കൂളിനകത്തു പ്രവേശിച്ച് വെടിവയ്പ്പ് തുടര്‍ന്നത്. ഇതില്‍ 12 പേരും കൊല്ലപ്പെട്ടു. വെടിവയ്പ്പിന്റെ ശബ്ദം കേട്ടതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടി.
ഈ വര്‍ഷം മാത്രം അമേരിക്കയിലെ സ്‌കൂളുകളില്‍ നടന്ന 18-ാമത്തെ വെടിവയ്പ്പാണിത്. 2012നു ശേഷം ഒരു അമേരിക്കന്‍ സ്‌കൂളില്‍ നടക്കുന്ന ഏറ്റവും ഭീകരമായ ആക്രമണവുമാണ് ഫ്‌ളോറിഡയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."