മതത്തിനല്ല; മതവിരുദ്ധതയ്ക്കാണ് വ്രണം!
ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ, അവതാരകന്‍ നിമിഷംതോറും പ്രകോപിതനാകുന്നതുപോലെ തോന്നി. പാട്ടിനൊപ്പം കാണിക്കുന്ന ദൃശ്യം അനുചിതമായെന്നു മാത്രം അഭിപ്രായപ്പെട്ട ഇസ്‌ലാമിക പണ്ഡിതനോട് അവതാരകന്‍ ഇടയ്ക്കിടെ ചോദിച്ചു-''എന്തുകൊണ്ടാണ് നിങ്ങളുടെ മതവികാരം ഇങ്ങനെ വ്രണപ്പെടുന്നത്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണോ നിങ്ങളുടെ മതം, അതില്‍ മതവികാരം വ്രണപ്പെടുത്തുന്ന ദൃശ്യമുണ്ടെന്ന് ആരാണു നിങ്ങളോടു പറഞ്ഞത്.'
'ദൃശ്യം അനുചിതം' എന്നു മാത്രം പറഞ്ഞപ്പോള്‍ അതില്‍ തൃപ്തനല്ലാത്തപോലെ, അവതാരകന്‍ ഒന്നുകൂടി പ്രകോപിതനായി ഇങ്ങനെ നിര്‍ദേശിച്ചു-''ഞാന്‍ ചോദിച്ചതിനു മാത്രം ഉത്തരം പറഞ്ഞാല്‍ മതി...''
അവതാരകന്‍ തനിക്ക് ഉത്തരംകിട്ടേണ്ട ചോദ്യം തുടരെത്തുടരെ ആവര്‍ത്തിച്ചപ്പോള്‍ മതപണ്ഡിതന്‍ പറഞ്ഞു:
''നിങ്ങള്‍ ഉദ്ദേശിക്കുന്ന മറുപടി മാത്രം പറയാനല്ല ഞാനിവിടെ വന്നത്. അതിരിക്കട്ടെ, എന്റെ മതവികാരം വ്രണപ്പെട്ടെന്ന് ആരാണു നിങ്ങളോടു പറഞ്ഞത്.''
ഊതി വീര്‍പ്പിച്ചുകൊണ്ടിരിക്കെ ബലൂണ്‍ ഓര്‍ക്കാപ്പുറത്തു പൊട്ടിയ അവസ്ഥയിലായി പിന്നീടു ചര്‍ച്ച!
അതാണ് ചര്‍ച്ച,
മതവികാരം വ്രണപ്പെട്ടെന്ന് ആരാണു പറഞ്ഞത്?
ഏതു മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും വ്യക്തിക്കു സ്വാതന്ത്ര്യമുള്ള രാജ്യത്ത്, പ്രവാചകനെയും പത്‌നിയെയും വര്‍ണിക്കുന്ന പാട്ടിന് ഉചിതമല്ലാത്ത ദൃശ്യം നല്‍കിയതിനെ വിമര്‍ശിക്കാന്‍ പാടില്ലേ.
ആ വിമര്‍ശനം ഉള്‍ക്കൊള്ളാതെ 'മതവികാരം വ്രണപ്പെടുന്നെ'ന്നു പരിഹസിക്കുന്നവനല്ലേ യഥാര്‍ഥത്തില്‍ വികാരം വ്രണപ്പെട്ടിരിക്കുന്നത്.
സിനിമാ പാട്ടിന്റെ കാര്യത്തില്‍ മാത്രമല്ല, ഫ്‌ളാഷ്‌മോബിന്റെ കാര്യത്തിലായാലും ചര്‍ച്ചകളിലായാലും തങ്ങളുടെ മതത്തില്‍ ചിലത് അനുവദിക്കപ്പെട്ടിട്ടില്ലെന്ന് ഉത്തരവാദപ്പെട്ടവര്‍ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കും. അതു കേള്‍ക്കുമ്പോഴേക്ക്, ആവിഷ്‌കാര സ്വാതന്ത്ര്യം തകര്‍ന്നെന്നു പറഞ്ഞു ചാടിവീഴുന്നതല്ലേ ശരിക്കും വ്രണപ്പെട്ട വികാരം.
ആവിഷ്‌കാരസ്വാതന്ത്ര്യത്തെ ആരും എതിര്‍ത്തില്ല, വിശ്വാസികളെ ബോധവല്‍ക്കരിക്കുകയാണു ചെയ്തത്!
കഴിഞ്ഞദിവസത്തെ ചാനല്‍ചര്‍ച്ചയില്‍ അവതാരകന്റെ സമീപനംപോലും വളരെ പ്രകോപിതമായിട്ടായിരുന്നു. വിഷയം വ്രണം തന്നെ!
പാട്ടിനെതിരേ വന്ന കേസും പാട്ടു പിന്‍വലിച്ച രീതിയും ആതീരുമാനം പിന്‍വലിച്ച രീതിയുമൊക്കെ സംശയം ജനിപ്പിക്കുന്നതാണ്. മനഃപൂര്‍വം 'വ്രണ'മുണ്ടാക്കി അതില്‍ കുത്തിനോവിച്ച്, ചര്‍ച്ചയാക്കി സ്വന്തം സിനിമയ്ക്കു പ്രചാരം നേടിയെടുക്കാനും വൈറലാക്കാനുമുള്ള ശ്രമം നടക്കുന്നോയെന്നാണു സംശയം.
ആരെയൊക്കെ തമ്മില്‍ത്തില്ലിച്ചിട്ടായാലും മേലനങ്ങാതെ പണംകൊയ്യാനുള്ള 'പുരോഗമന' തന്ത്രം പൊതുജനം മനസിലാക്കാത്തിടത്തോളം കാലം അവര്‍ 'വ്രണങ്ങള്‍' ഉണ്ടാക്കിക്കൊണ്ടേയിരിക്കും!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."