മതപരിവര്‍ത്തനത്തിലൂടെ വിവാഹം: മാതാപിതാക്കളുടെ കൂട്ടായ്മ രംഗത്ത്
കൊച്ചി: മതപരിവര്‍ത്തനത്തിലൂടെ വിവാഹിതരായ മക്കളുടെ മാതാപിതാക്കളുടെ കൂട്ടായ്മയുമായി ഹാദിയയുടെ പിതാവ് കെ.എം അശോകനും നിമിഷയുടെ മാതാവ് കെ ബിന്ദുവും രംഗത്ത്. മതപരിവര്‍ത്തനത്തിലൂടെ വിവാഹിതരായ മക്കളുടെ മാതാപിതാക്കള്‍ക്ക് നീതിലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ രൂപീകരിക്കുന്നതെന്ന് ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മക്കളെ നഷ്ടപ്പെട്ട 30 ഓളം പേര്‍ കൂട്ടായ്മയില്‍ ഉണ്ടെന്നാണ് ഇരുവരും അവകാശപ്പെട്ടത്. സര്‍ക്കാരും പൊലിസും നിഷ്‌ക്രിയരായ സാഹചര്യത്തില്‍ സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യത രക്ഷകര്‍ത്താക്കള്‍ സ്വയം ഏറ്റെടുക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് ഇരുവരും ആരോപിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി സുഷമ സ്വരാജിനെ കാണാന്‍ പലതവണ ശ്രമം നടത്തിയെങ്കിലും അനുവാദം കിട്ടിയില്ലെന്ന് ബിന്ദു പറഞ്ഞു.
വടക്കന്‍ മലബാറിലെ ചില കോളജുകള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം ശക്തി പ്രാപിക്കുകയാണെന്നും ബിന്ദു പറഞ്ഞു. ഈ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ കോടതിക്ക് മുന്നില്‍ എത്തിച്ച് നിയമസഹായം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. 30 പേര്‍ സംഘടനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മകള്‍ മതം മാറി വിവാഹം കഴിച്ചത് തനിക്ക് പ്രശ്‌നമല്ലെന്നും നാടുകടത്തിയതാണ് പ്രശ്‌നമെന്നും ബിന്ദു പറഞ്ഞു. കേരളത്തില്‍ നിന്നും കാണാതായ തന്റെ മകള്‍ നിമിഷ അടക്കമുള്ളവരെ തിരിച്ചു കിട്ടണമെന്നും ബിന്ദു വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്താണ് പുതിയ കൂട്ടായ്മയുടെ പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."