രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കണം: വെങ്കയ്യ നായിഡു
കോഴിക്കോട്: കൊലപാതകവും വികസനവും ഒന്നിച്ചുപോകില്ലെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
100 പുസ്തകങ്ങള്‍ രചിക്കുകയും അഭിഭാഷക വൃത്തിയില്‍ 40 വര്‍ഷം തികയ്ക്കുകയും ചെയ്ത അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയെ ആദരിക്കുന്നതിന്റെ ഭാഗമായി തൊണ്ടയാട് ചിന്മയാമിഷന്‍ സ്‌കൂളില്‍ കോഴിക്കോട് പൗരാവലിയുടെ നേതൃത്വത്തില്‍ നടത്തിയ 'ഇന്ത്യന്‍ സമ്പദ്ഘടന എങ്ങോട്ട്, ഇന്ത്യന്‍ ജുഡീഷ്യറി എങ്ങോട്ട്' സെമിനാര്‍ പരമ്പര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ പരസ്പരം ശത്രുക്കളല്ലെന്നും ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ലക്ഷ്യം രാഷ്ട്ര വികസനമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മതേതര ഇന്ത്യയെന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ആശയമല്ല. എല്ലാ ഇന്ത്യക്കാരുടേയും രക്തത്തിലലിഞ്ഞു ചേര്‍ന്ന ആശയമാണതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഏഴു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നായി മാറുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
എം.കെ രാഘവന്‍ എം.പി അധ്യക്ഷനായ ചടങ്ങില്‍ പൗരാവിലയുടെ ഉപഹാരം എം.പി ഉപരാഷ്ട്രപതിക്ക് കൈമാറി. പത്മശ്രീ സി.കെ മേനോന്‍, എം.പി. അഹമ്മദ്, യു.ഗോപാല്‍ മല്ലര്‍ എന്നിവര്‍ ഉപരാഷ്ട്രപതിയെ ഹാരാര്‍പ്പണം നടത്തി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, റിട്ട.ജസ്റ്റിസ് സിറിയക് ജോസഫ് സംസാരിച്ചു. കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് കമാല്‍ വരദൂര്‍ സ്വാഗതവും കാരശ്ശേരി കോ-ഓപറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."