അനിശ്ചിതകാലസമരം ശക്തമാക്കുമെന്ന് ബോട്ട് ഉടമകള്‍
കൊച്ചി: നാലുദിവസമായി നടത്തിവരുന്ന അനിശ്ചിതകാലസമരം ശക്തമാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ബോട്ടുടമകളുടെ യോഗം തീരുമാനിച്ചു. ചെറുമീന്‍ പിടിക്കുന്നതിന്റെ പേരില്‍ ഫിഷറീസ് ഉദ്യോഗസ്ഥര്‍ കനത്ത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാരോപിച്ചാണ് സമരം. സമരത്തില്‍ സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് 22ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഹാര്‍ബറുകളില്‍ നിന്നുള്ള ബോട്ടുടമകള്‍ക്ക് പുറമേ മത്സ്യത്തൊഴിലാളികളും തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികളടക്കം ഒരു ലക്ഷത്തോളംവരുന്ന പ്രവര്‍ത്തകരെ സെക്രട്ടറിയേറ്റിന് മുന്നില്‍ അണിനിരത്തുവാനാണ് സംഘടന ലക്ഷ്യമിടുന്നത്.
അതിനിടെ ബോട്ടുകള്‍ മത്സ്യബന്ധനത്തിന് പോകാത്തതിനെ തുടര്‍ന്ന് പ്രാദേശിക മാര്‍ക്കറ്റുകളില്‍ മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്. സംസ്ഥാനത്തെ മൂവായിരത്തോളം ബോട്ടുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് നിലനില്‍ക്കുന്നതിനാല്‍ പന്ത്രണ്ട് നോട്ടിക്കല്‍മൈല്‍ പരിധിക്കുള്ളില്‍ മാത്രമേ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനു അനുവാദമുള്ളുവെന്നിരിക്കെ ഉള്‍ക്കടലില്‍ നടക്കുന്ന മത്സ്യബന്ധനത്തില്‍ ഫിഷറീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ അനാവശ്യമാണെന്ന് ബോട്ട് ഉടമകള്‍ ആരോപിക്കുന്നു. സി.എം.ആര്‍.ഐ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് 2016ല്‍ സര്‍ക്കാര്‍ ചെറുമത്സ്യബന്ധനം നിരോധിച്ച് ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."