ബാങ്കുകളിലെ സ്വര്‍ണപ്പണയ ഉരുപ്പടികളുടെ പരിശുദ്ധി പരിശോധിക്കണം
തൊടുപുഴ: സഹകരണ ബാങ്കുകള്‍ വ്യാജ സ്വര്‍ണ ഉരുപ്പടികള്‍ ഈടായി സ്വീകരിച്ച് കോടികളുടെ വായ്പ നല്‍കിയത് കണ്ടെത്തിയ സാഹചര്യത്തില്‍ സഹകരണ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. സഹകരണ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ സ്വര്‍ണപ്പണയ ഉരുപ്പടികളുടേയും തൂക്കത്തിലെ കൃത്യതയും പരിശുദ്ധിയും ഉറപ്പുവരുത്താന്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.സജിത്ത് ബാബു ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു.
സംഘം തലത്തില്‍ സംഘം സെക്രട്ടറി - ചീഫ് എക്‌സിക്യൂട്ടീവ്, സംഘം ജീവനക്കാരില്‍ നിന്നും ഒരു പ്രതിനിധി, ഒരു ഭരണസമിതി അംഗം, ഒരു അപ്രൈസര്‍ (അതേ സംഘത്തിലെ ജീവനക്കാരന്‍ ആയിരിക്കരുത്) എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. സഹകരണ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന മുഴുവന്‍ പണയ സ്വര്‍ണങ്ങളുടേയും ആധികാരികത ഈ കമ്മിറ്റി ഭൗതിക പരിശോധന നടത്തി വിലയിരുത്തണം.
ഇതിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രത്തിന്റെ മൂന്ന് പ്രതികള്‍ തയാറാക്കേണ്ടതും ഒരു പ്രതി അതത് ജില്ലാ ജോയിന്റ് രജിസ്ട്രാറിന്(ജനറല്‍) മുന്‍പാകെ ഓരോ മൂന്നുമാസത്തിലൊരിക്കല്‍ സമര്‍പ്പിക്കേണ്ടതും ബാക്കി രണ്ടുപ്രതികളില്‍ ഒരു പ്രതി ബാങ്കിന്റെ ശാഖയിലും രണ്ടാം പ്രതി ബാങ്ക് ഹെഡ് ഓഫിസിലും സൂക്ഷിക്കണം. ഇതുസംബന്ധിച്ചുള്ള ആദ്യ സാക്ഷ്യപത്രം മാര്‍ച്ച് 15 ന് മുമ്പ് സമര്‍പ്പിക്കണമെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു.
ഓഡിറ്റര്‍മാരുടെ പരിശോധനാ വേളയില്‍ ബാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകര്‍പ്പ് പരിശോധിക്കണം. അത്തരത്തില്‍ സാക്ഷ്യപ്പെടുത്തിയ സംഘങ്ങളിലെ സ്വര്‍ണ്ണ ഉരുപ്പടികളില്‍ എന്തെങ്കിലും ക്രമക്കേട് പിന്നീട് കണ്ടെത്തുകയാണെങ്കില്‍ അതിന്മേലുള്ള പൂര്‍ണഉത്തരവാദിത്തം ബന്ധപ്പെട്ട കമ്മറ്റിക്കും ഭരണസമിതിക്കും ആയിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
സ്വര്‍ണപണയ വായ്പകള്‍ക്കുള്ള നിബന്ധനകള്‍ കടുപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ സ്വര്‍ണപണയ വായ്പാ സ്ഥാപനങ്ങള്‍ക്കോ സ്ഥാപനങ്ങളിലെ ഉടമസ്ഥരുടെ പേരിലോ (ഇവര്‍ അംഗങ്ങളായാല്‍ പോലും) ഇനി വായ്പ ലഭിക്കില്ല. സ്വര്‍ണപണയ ഉരുപ്പടികളുടെ കമ്പോളവിലയുടെ 75 ശതമാനത്തില്‍ അധികരിച്ച തുക വായ്പയായി നല്‍കാന്‍ പാടില്ല. ഉരുപ്പടികളുടെ ആകെ കമ്പോളവിലയുടെ 10 ശതമാനം അധികരിച്ച തുകയ്ക്ക് ഇന്‍ഷുറന്‍സ് കവറേജ് ഏര്‍പ്പെടുത്തേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."