ചികിത്സാ ധനസഹായം ലഭിക്കാതെ നിരവധി മരണങ്ങള്‍; വയോജനങ്ങളുടെ സങ്കടം കേള്‍ക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങള്‍ സമര്‍പ്പിക്കുന്ന സങ്കടഹരജികള്‍ക്കും അപേക്ഷകള്‍ക്കും ആവശ്യമായ പരിഗണന നല്‍കാതെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍.
ദരിദ്രരും രോഗികളുമായ വയോജനങ്ങള്‍ ചികിത്സാ ധനസഹായത്തിനായി സമര്‍പ്പിക്കുന്ന ഹരജികളില്‍പോലും നടപടി വൈകുകയാണ്. അര്‍ഹരായ പലരും യഥാസമയം ചികിത്സാ ധനസഹായം ലഭിക്കാതെ മരണപ്പെട്ട സംഭവങ്ങളും നിരവധിയാണ്.
സഹായങ്ങള്‍ക്ക് വേണ്ടിയുള്ള വയോജനങ്ങളുടെ അപേക്ഷകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം.
എന്നാല്‍ ഈ കാലാവധി ഒരിക്കലും പാലിച്ചിട്ടില്ലെന്നും പലപ്പോഴും നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷമാണ് റിപ്പോര്‍ട്ട് നല്‍കുന്നതെന്നും മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തീരുമാനം ആകുമ്പോഴേക്കും അപേക്ഷകരില്‍ പലരും മരണപ്പെടാറാണ് പതിവ്.
കുടുംബങ്ങളില്‍ അവഗണന നേരിടുന്നതിനെതിരേയുള്ള 2007ലെ കേരള മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസന്‍ റൂള്‍സ് ലംഘിക്കപ്പെടുന്നതായി ആരോപിച്ചുള്ള വയോജനങ്ങളുടെ നിരവധി പരാതി സമിതിക്കു ലഭിക്കാറുമുണ്ട്. സാമൂഹ്യനീതി വകുപ്പുവഴി ദിവസങ്ങള്‍ക്കുള്ളില്‍ തുടര്‍നടപടി സ്വീകരിക്കേണ്ടതായ ഈ വിഷയങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ അറിയിക്കാറുണ്ടെങ്കിലും പലപ്പോഴും വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടാവാറില്ല.
സാമൂഹ്യമായും വൈകാരികമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ ചെറിയ ജനസമൂഹത്തിനു നിയമം അനുശാസിക്കുന്ന പരിരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെങ്കിലും ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ അതില്‍ വീഴ്ച വരുത്തുന്നത് അനുവദിക്കാനാവില്ലെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ചികിത്സാ ചെലവുമായി ബന്ധപ്പെട്ട ഹരജികളില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ നേരിട്ട് ഇടപെട്ട് അര്‍ഹരായവര്‍ക്ക് ഒട്ടും കാലതാമസം കൂടാതെ അത് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ധനസഹായമെത്തുന്നതിനു മുന്‍പ് അപേക്ഷകര്‍ മരണപ്പെടുന്ന സാഹചര്യത്തില്‍ അവര്‍ ചികിത്സയ്ക്കു ചെലഴിച്ച തുക ആശ്രിതര്‍ക്കു നല്‍കണം. വയോജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളില്‍ ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന ചട്ടം കൃത്യമായി പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കണമെന്ന ശുപാര്‍ശയുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."