കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം മാര്‍ച്ച് 16- 18 ദിവസങ്ങളില്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം അടുത്തമാസം 16 മുതല്‍ 18 വരെ ഡല്‍ഹിയില്‍ നടക്കും. ഇന്നലെ ചേര്‍ന്ന പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബ്ലോക്ക്തലം മുതലുള്ള നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയേയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും. പ്ലീനറി സമ്മേളനം പാര്‍ട്ടി അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റ നടപടി അംഗീകരിക്കും. ഇതോടെ മാത്രമെ തെരഞ്ഞെടുപ്പ് നടപടിക്രമം പൂര്‍ത്തിയാവൂ.
രാഹുല്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടശേഷമുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച പ്രവര്‍ത്തക സമിതി പിരിച്ചുവിട്ട ശേഷമാണ് പ്ലീനറി സമ്മേളനം വരെ താല്‍ക്കാലിക സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചത്. പ്രവര്‍ത്തകസമിതിയിലെ മുഴുവന്‍ പേരും ഉള്‍ക്കൊള്ളുന്നതായിരുന്നു 34 അംഗ സ്റ്റിയറിങ് കമ്മിറ്റി. പ്ലീനറി സമ്മേളനത്തില്‍ പുതിയ പ്രവര്‍ത്തകസമിതി വരുന്നതോടെ ഈ കമ്മിറ്റി പിരിച്ചുവിടുകയുംചെയ്യും.
25 അംഗപ്രവര്‍ത്തകസമിതിയില്‍ 12 പേര്‍ തെരഞ്ഞെടുക്കപ്പെട്ടവരും 11 പേര്‍ നാമനിര്‍ദേശത്തിലൂടെ വരുന്നവരുമാണ്. കൂടാതെ, കോണ്‍ഗ്രസ് അധ്യക്ഷനും പാര്‍ലമെന്റി പാര്‍ട്ടിയുടെ അധ്യക്ഷനും സമിതിയില്‍ ഉണ്ടാവും. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്കു പുറമെ, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, അംബികാ സോണി, ഗുലാംനബി ആസാദ്, ജനാര്‍ദ്ധനന്‍ ദ്വിവേദി, അശോക് ഗെലോട്ട്, സുശീല്‍കുമാര്‍ ഷിന്‍ഡെ, പി. ചിദംബരം, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, ആനന്ദ് ശര്‍മ, സി.പി ജോഷി, ദിഗ്‌വിജയ് സിങ്, ബി.കെ ഹരിപ്രസാദ്, കമല്‍നാഥ്, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മോത്തിലാല്‍ വോറ, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് പ്രവര്‍ത്തകസമിതിയംഗങ്ങള്‍.
നിലവില്‍ ആന്റണി മാത്രമാണ് കേരളത്തില്‍നിന്ന് പ്രവര്‍ത്തക സമിതിയിലുള്ളത്. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ സ്ഥിരം ക്ഷണിതാവാണ്. പുതിയ സമിതിയില്‍ ചാക്കോയ്ക്ക് സ്ഥിരാംഗത്വം ലഭിച്ചേക്കും.
പാര്‍ട്ടിയില്‍ ചുമതലകളൊന്നുമില്ലാത്ത ഉമ്മന്‍ചാണ്ടിയെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി ഉമ്മന്‍ചാണ്ടിയാണ് പ്രചാരണം നയിക്കാനെത്തിയത്. കെ.സി വേണുഗോപാല്‍ നിലവില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്.
സമുദായ പ്രാതിനിധ്യം പരിഗണിക്കുകയാണെങ്കില്‍ യുവ നേതാവായി വിശേഷിപ്പിക്കപ്പെടുന്ന വേണുഗോപാലിനും അവസരം ലഭിച്ചേക്കാം. പുതിയ സമിതിയ്ക്ക് രൂപം നല്‍കുമ്പോള്‍ പ്രവര്‍ത്തന പരിചയവും യുവത്വവും പ്രധാനമായും പരിഗണിക്കുമെന്ന് രാഹുല്‍ പറഞ്ഞു. ഒപ്പം മതിയായ സ്ത്രീ, ദലിത് വിഭാഗങ്ങളില്‍ നിന്നുള്ള പ്രാതിനിധ്യവും ഉറപ്പുവരുത്തുമെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."