മോദി മറുപടി പറയണമെന്ന് ആം ആദ്മി പാര്‍ട്ടി
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും നീരവ് മോദിക്കെതിരേ നടപടിയെടുക്കാത്തതില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
പഞ്ചാബ് നാഷനല്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് അറിയിച്ചിട്ടും ധനമന്ത്രാലയം നടപടി സ്വീകരിച്ചില്ലെന്നും നീരവിനെതിരേയുള്ള പരാതി പ്രധാനമന്ത്രി അറിഞ്ഞിരുന്നുവെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലഹബാദ് ബാങ്കിന്റെ മുന്‍ ഡയരക്ടര്‍ ദിനേഷ് ദുബെ 2013 സെപ്റ്റംബര്‍ 13ന് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിവരം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് ഇമെയിലിലൂടെ അറിയിച്ചുവെന്നും എന്നിട്ടും ഫിനാന്‍ഷ്യല്‍ സര്‍വിസ് സെക്രട്ടറി നീരവ് മോദിയുടെ ബന്ധു മെഹുല്‍ ചോക്‌സിക്ക് അനധികൃതമായി വായ്പ അനുവദിക്കുകയായിരുന്നു.
എന്നാല്‍ ദിനേഷ് ദുബെക്ക് അലഹബാദ് ബാങ്കിലെ ജോലിയില്‍ നിന്ന് രാജിവയ്ക്കാനായി അന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്ന് ദിലീപ് പാണ്ഡെ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് തന്നെ ജൂനിയര്‍ മോദിയുടെ (നീരവ് മോദി) തട്ടിപ്പുമായി ബന്ധപ്പെട്ട് വിവരമുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സീനിയര്‍ മോദിയെന്നാണ് ദിലീപ് പാണ്ഡെ വിശേഷിപ്പിച്ചത്. ബി.ജെ.പിയും കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. നീരവ് മോദിക്കെതിരേ സി.ബി.ഐയുടെ പരാതി ലഭിച്ചിട്ട് പോലും പ്രധാന മന്ത്രിക്ക് അദ്ദേഹത്തിനൊപ്പം ദാവോസിലേക്ക് യാത്ര ചെയ്യുന്നതിന് ഒരു പ്രശ്‌നവുമുണ്ടായില്ല. പ്രധാനമന്ത്രിയും ധനമന്ത്രാലയവും തട്ടിപ്പ് സംബന്ധിച്ച് അറിഞ്ഞിട്ടും നടപടിയെടുത്തില്ല.
രാജ്യത്തിന്റെ സംരക്ഷകനാണ് പ്രധാനമന്ത്രി ഈ തട്ടിപ്പിന് മറുപടി പറയണം. പഞ്ചാബ് നാഷനല്‍ ബാങ്കിനും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ദിലീപ് പാണ്ഡെ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."