ഗോകുല്‍നാഥ് ഷെട്ടി: ബാങ്ക് തട്ടിപ്പിന് പിന്നിലെ പ്രധാന കണ്ണി?
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നടന്ന രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് സഹായം ഒരുക്കിയതിലെ പ്രധാന കണ്ണിയായ ഗോകുല്‍ നാഥ് ഷെട്ടിയെ ഇന്നലെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് പുറമെ മറ്റു രണ്ടുപേരെയും സി.ബി.ഐ അറസ്റ്റ് ചെയ്‌തെങ്കിലും ഗോകുല്‍ നാഥാണ് 11.500 കോടിയോളമുള്ള വായ്പാ തട്ടിപ്പിന്റെ പിന്നിലെ പ്രധാന സഹായിയെന്ന് കരുതപ്പെടുന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുന്‍ ഡപ്യൂട്ടി മാനേജറായിരുന്നു ഗോകുല്‍ .
നീരവ് മോദിക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് ബയോസ് ക്രെഡിറ്റ് നല്‍കാന്‍ പ്രധാനപങ്കുവഹിച്ചത് ഗോകുല്‍ നാഥ് ഷെട്ടിയായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അധികൃതരില്‍ നിന്ന് അനുവാദം വാങ്ങാതെയാണ് ഗോകുല്‍ വായ്പാ ജാമ്യ രേഖയായ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ഏഴു വര്‍ഷത്തോളമായി നീരവ് മോദിക്കും ബന്ധു മെഹുല്‍ ചോസ്‌കിക്കും അനുവദിച്ചിരുന്നത്. ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ് അയക്കാനായി പഞ്ചാബ് ബാങ്കിലെ 'സ്വഫ്റ്റ്'സമ്പ്രദായം ഉപയോഗിച്ചിരുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ഗോകുല്‍ നാഥ് ഷെട്ടി.
2010ല്‍ ഗോകുല്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെയാണ് വായ്പാ തട്ടിപ്പ് പുറത്ത് വരാന്‍ തുടങ്ങിയത്. ജനുവരിയിലായിരുന്നു ഗോകുല്‍ വിരമിച്ചത്. തുടര്‍ന്നാണ് അലഹബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയിലെ ഉദ്യോഗസ്ഥര്‍ ഈട് തുകയില്ലാത്തതിനാല്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ് നിരസിക്കുന്നത്. ഇതോടെയാണ് തട്ടിപ്പുകള്‍ പുറം ലോകം അറിയാന്‍ തുടങ്ങിയത്. 36 വര്‍ഷത്തെ സര്‍വിസിനിടെ ഒരു തവണ മാത്രമാണ് ഷെട്ടിക്ക് സ്ഥാനക്കയറ്റമുണ്ടായത്.
കൂടുതല്‍ സ്ഥാനക്കയറ്റത്തിന് ഷെട്ടി ആവശ്യപ്പെട്ടിരുന്നില്ല. 1986ല്‍ ബാങ്കിലെ ക്ലര്‍ക്ക് ജോലിയില്‍ പ്രവേശിച്ച അദ്ദേഹത്തിന് മാനേജര്‍ പദവിയിലേക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഷെട്ടിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും സി.ബി.ഐയും സംയുക്തമായി റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍പ്പെടാത്ത നിരവധി സ്വത്തുക്കള്‍ കണ്ടത്തിയിരുന്നു. ഇവയെല്ലാം നീരവ് മോദിയില്‍ നിന്ന് അനധികൃതമായി നേടിയതാണൊണ് കരുതപ്പെടുന്നത്.
നീരവ് മോദിയുടെ ഇളയ സഹോദരനായ നിഷാല്‍ മോദിക്ക് പറ്റിയ കൈയബന്ധമാണ് 11.500 കോടിയുടെ വായ്പാ തട്ടിപ്പ് പുറത്ത് വരാന്‍ കാരണം. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ശാഖയില്‍ ചെന്ന് അദ്ദേഹം മറ്റു ബാങ്കുകളില്‍ നിന്നും വായ്പ എടുക്കുന്നതിനു ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മുഴുവന്‍വായ്പാ തുകക്കും തുല്യമായ ഈട് വേണമെന്ന് ബാങ്കിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
എന്നാല്‍ അതൊന്നുമില്ലാതെ തങ്ങള്‍ക്ക് വര്‍ഷങ്ങളായി ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് നല്‍കാറുണ്ടെന്ന് നിഷാല്‍ മോദി പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോഴാണ് നീരവ് മോദിയുടെ കമ്പനിക്ക് ലെറ്റര്‍ ഓഫ് അണ്ടര്‍ ടേക്കിങ് നല്‍കിയിട്ടില്ലെന്ന് വ്യക്തമായത്. എന്നാല്‍ നിഷാല്‍ തന്റെ വാദത്തില്‍ ഉറച്ചുനിന്നതോടെയാണ് ബാങ്കിന്റെ കോര്‍ ബാങ്കിങ് സൊലൂഷനില്‍ നടത്തിയ പരിശോധനയില്‍ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് കൃത്രിമമായി നല്‍കിയതായി കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."