അഴിമതി: കെ.സി.എ പ്രസിഡന്റ് ക്ലീന്‍ ബൗള്‍ഡ്
കൊച്ചി: സ്റ്റേഡിയം നിര്‍മാണത്തിലെ അഴിമതിയെ തുടര്‍ന്ന് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്തതോടെ കെ.സി.എ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബി വിനോദ് രാജിവച്ചു. വൈസ് പ്രസിഡന്റായിരുന്ന കോട്ടയം സ്വദേശി റോങ്‌ളിന്‍ ജോണ്‍ പുതിയ പ്രസിഡന്റ്. സാജന്‍ കെ വര്‍ഗീസ് (പത്തനംതിട്ട), അബ്ദുറഹ്മാന്‍ (കാസര്‍കോട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. കൊച്ചിയില്‍ ഇന്നലെ ചേര്‍ന്ന കെ.സി.എ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗമാണ് ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെതിരേ നടപടി എടുത്തതും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതും.
തൊടുപുഴയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണും കല്ലും നീക്കം ചെയ്തതില്‍ വന്‍ അഴിമതി നടന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ചു. സമിതി നടത്തിയ അന്വേഷണത്തില്‍ മണ്ണും കല്ലും നീക്കം ചെയ്തതില്‍ വന്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തി. പിന്നീട് അഴിമതി സംബന്ധിച്ച് പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെയും നിയോഗിച്ചിരുന്നു.
ഓംബുഡ്‌സ്മാന്റെ അന്വേഷണത്തിലും ക്രമക്കേട് നടന്നതായി കണ്ടെത്തി. ടി.സി മാത്യുവിനോട് 4.50 ലക്ഷം തിരിച്ചടയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതുവരെ തുക തിരിച്ചടയ്ക്കാന്‍ ടി.സി മാത്യു തയ്യറായിട്ടില്ല. ഇതിനിടെയാണ് അന്വേഷണ റിപോര്‍ട്ട് ചര്‍ച്ച ചെയ്ത സെന്‍ട്രല്‍ കൗണ്‍സില്‍ ഇന്നലെ ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഇടുക്കി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ബി വിനോദിന് ഇതോടെ കെ.സി.എയിലെ അംഗത്വം നഷ്ടമായി. ഇതോടെയാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിതനായത്.
സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ മാനദണ്ഡപ്രകാരം ടി.സി മാത്യു കെ.സി.എയില്‍ നിന്ന് ഒഴിവായതോടെയാണ് അടുപ്പക്കാരനായ ബി വിനോദ് തലപ്പത്തേക്ക് എത്തിയത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് വിനോദും പുറത്തായതോടെ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യുവിന്റെ കെ.സി.എയിലെ പിടി പൂര്‍ണായും നഷ്ടമാവുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ റോങ്‌ളിന്‍ ജോണും വൈസ് പ്രസിഡന്റുമാരായ സാജന്‍ കെ വര്‍ഗീസും അബ്ദുറഹ്മാനും കെ.സി.എ സെക്രട്ടറി ഡോ. ജയേഷ് ജോര്‍ജിന്റെ പക്ഷക്കാരാണ്. ടി.സി മാത്യുവിന്റെ പിടി അയഞ്ഞതോടെ കെ.സി.എയുടെ നിയന്ത്രണം പൂര്‍ണമായും സെക്രട്ടറി ജയേഷ് ജോര്‍ജിന്റെ കൈകളിലായി. ബി.സി.സി.ഐ സെക്രട്ടറിയായിരുന്ന എസ്.കെ നായരെ ഒതുക്കിയായിരുന്നു കെ.സി.എ ടി.സി മാത്യു പിടിച്ചെടുത്തത്. ജയേഷ് ജോര്‍ജ് അടക്കം പുതിയ ഭാരവാഹികളെ ഭരണതലപ്പത്തേക്ക് കൊണ്ടു വരികയും ചെയ്തു. ഒടുവില്‍ അഴിമതിയുടെ നിഴലില്‍ ടി.സി മാത്യു വീണു. ഇപ്പോള്‍ ബി വിനോദും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."