മലയാളി യുവാവിനെ കവര്‍ച്ച ചെയ്ത് കെട്ടിടത്തില്‍നിന്ന് തള്ളിയിട്ടു
മനാമ: ബഹ്‌റൈനില്‍ അക്രമികളുടെ കവര്‍ച്ചയ്ക്കിരയായ മലയാളി യുവാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം നിലമേല്‍ സ്വദേശി അഫ്‌സലാ(30)ണ് സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്നത്.
വെള്ളിയാഴ്ച മനാമയിലെ ഫിഷ് റൗണ്ട് എബൗട്ടിനു സമീപമാണു സംഭവം നടന്നത്. മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന അഫ്‌സല്‍ കടയടച്ച് രാത്രി 12 മണിയോടെ ഭക്ഷണം വാങ്ങാനായി ഇവിടെയെത്തിയതായിരുന്നു. തിരിച്ചുവരുന്ന വഴിക്കു രണ്ടുപേര്‍ ചേര്‍ന്ന് പഴ്‌സ് തട്ടിയെടുത്തു തൊട്ടടുത്തുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഓടിക്കയറുകയായിരുന്നു. മോഷ്ടാക്കള്‍ക്കു പിറകെ ഇവിടെ എത്തിയ അഫ്‌സലിനെ കെട്ടിടത്തിനുമുകളില്‍ വച്ചു കൂടുതല്‍പേര്‍ വളയുകയും മുകളില്‍നിന്നു താഴേക്കു തള്ളിയിടുകയുമായിരുന്നു. താഴെ ഒരു കടയുടെ മേല്‍ക്കൂരയിലിടിച്ച് റോഡിലേക്കു തെറിച്ചുവീണ അഫ്‌സലിനെ കണ്ട ചിലര്‍ വിവരമറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ പൊലിസാണ് ആശുപത്രിയിലെത്തിച്ചത്.
ഇടതു തോളെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അരക്കുതാഴെ ചലനവും പ്രയാസമായിട്ടുണ്ട്. ഇതു പൂര്‍വസ്ഥിതിയിലെത്താന്‍ ആറു മാസമെങ്കിലുമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
നാട്ടില്‍ വാടകവീട്ടില്‍ കഴിയുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ അഫ്‌സല്‍ മൂന്നു മാസം മുന്‍പാണ് മനാമയിലെ മൊബൈല്‍ ഷോപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."