മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു സഊദിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങി ടെലികോം, ഐ.ടി മേഖലകളും
ജിദ്ദ: സഊദിയിലെ ടെലികോം, ഐ.ടി കമ്പനികളില്‍ സ്വദേശി ജീവനക്കാരുടെ സാന്നിധ്യം പരമാവധി വര്‍ധിപ്പിക്കുക, യുവതികള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കുക, പരിശീലനം ഒരുക്കുക തുടങ്ങിയവയ്ക്കായി മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
തൊഴില്‍, സാമൂഹ്യ വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസും ടെലികോം, ഐ.ടി മന്ത്രാലയത്തെ പ്രതിനിധീകരിച്ച് മന്ത്രി അബ്ദുല്ല അല്‍സവാഹയുമാണു ധാരണാകരാറില്‍ ഒപ്പിട്ടത്. വിവിധ മേഖലകളില്‍ നാട്ടുകാരായ യുവതി യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ഉറപ്പാക്കേണ്ടതിനു വ്യത്യസ്ത മന്ത്രാലയങ്ങളും ഏജന്‍സികളും കൂട്ടുത്തരവാദിത്തത്തോടെയും സഹകരണത്തോടെയും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു തൊഴില്‍ മന്ത്രി ചടങ്ങില്‍ പറഞ്ഞു. സഊദിവല്‍ക്കരണം ഫലപ്രദമാക്കാന്‍ അനുബന്ധ മന്ത്രാലയങ്ങളും വകുപ്പുകളും തുടര്‍ന്നുള്ള പരിശോധനകളും സംയുക്തമായി നടത്തും.
പുതുതായി ഒപ്പിട്ട തൊഴില്‍-ഐ.ടി മന്ത്രാലയ കരാര്‍ പ്രകാരം ഇരുമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരിക്കുകയും പ്രസ്തുത സമിതി ടെലികോം, ഐ.ടി തൊഴില്‍ കമ്പോളത്തില്‍ ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും വേണ്ട സഊദിവല്‍ക്കരണ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യും. സഊദികള്‍ക്കു മാത്രമായി നീക്കിവയ്ക്കുന്ന തൊഴിലുകള്‍, വനിതാ ജീവനക്കാരുടെ തോത് തുടങ്ങിയവ നിര്‍ണയിക്കുന്നതും ഈ സമിതി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."