പാകിസ്താനിലെ സൈനബ് വധം: പ്രതിക്ക് നാലു വധശിക്ഷ
ഇസ്ലാമാബാദ്: പാകിസ്താനില്‍ കോളിളക്കം സൃഷ്ടിച്ച സൈനബ് വധത്തില്‍ കോടതി ശിക്ഷ വിധിച്ചു. ഏഴു വയസുകാരിയെ ക്രൂരമായി ബലാത്സംഘം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് 24കാരനായ ഇമ്രാന് അലിക്ക് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്.
നാല് വധശിക്ഷയാണ് ഇമ്രാനിന് കോടതി വിധിച്ചിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ക്കാണു പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇതിനു പുറമെ ജീവപര്യന്തം തടവ്, ഏഴ് വര്‍ഷം തടവ് എന്നിങ്ങനെ ശിക്ഷയും വിധിച്ചിട്ടുണ്ട്. 32 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. വിധിക്കെതിരേ അപ്പീലിനു പോകാന്‍ കോടതി പ്രതിക്ക് 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജനുവരി നാലിന് സൈനബ് അന്‍സാരി എന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നു.
ലാഹോറിലെ കസൂരില്‍ വച്ചാണു സംഭവം അരങ്ങേറിയത്. ജനുവരി അഞ്ചിന് കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്കി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞാണു വീട്ടില്‍നിന്ന് കുറച്ചു മാറി അഴുക്കുചാലില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം പുറംലോകമറിഞ്ഞതോടെ വന്‍ പ്രതിഷേധമാണ് പാകിസ്താനില്‍ അണപൊട്ടിയൊഴുകിയത്. പ്രതിയെ പിടികൂടാന്‍ വൈകിയതും പ്രതിഷേധം ശക്തമാക്കി. തുടര്‍ന്നാണ് നിരവധി കുട്ടികളെ കൊന്ന പരമ്പര കൊലയാളിയായ ഇമ്രാന് അലിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."