മെക്സിക്കോയില്‍ വന്‍ ഭൂചലനം; മന്ത്രി സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ടു മരണം
മെക്സിക്കോ സിറ്റി: മെക്സിക്കോയെ പിടിച്ചുകുലുക്കി വന്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മെക്സിക്കോയുടെ തെക്കന്‍ സംസ്ഥാനമായ ഒക്സാക്കയിലാണ് അനുഭവപ്പെട്ടത്. അതിനിടെ ദുരന്തബാധിത പ്രദേശങ്ങളില്‍നിന്നു മടങ്ങിയ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെയുണ്ടായ സംഭവത്തില്‍ ഒക്സാക്കയിലും പരിസര പ്രദേശങ്ങളിലും വന്‍ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ അടക്കം വൈദ്യുതിബന്ധം തകര്‍ന്നു. മണിക്കൂറുകളോളം നഗരം ഇരുട്ടിലാണു കഴിഞ്ഞത്.
സംഭവത്തില്‍ 50 വീടുകള്‍ തകര്‍ന്നതായി അധികൃതര്‍ അറിയിച്ചു. ഒക്സാക്കയിലെ പ്യൂര്‍ട്ടോ എസ്കോന്ഡിഡോ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 24.6 കി.മീറ്റര്‍ ആഴത്തില്‍ വരെ ഇതിന്റെ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. 225 തവണ പ്രദേശത്ത് തുടര്‍ചലനവുമുണ്ടായി.
ആഭ്യന്തര മന്ത്രി നവറെറ്റെ, ഒക്സാക്ക ഗവര്‍ണര്‍ അലെജാന്ഡ്രൊ മുറാത് അടക്കമുള്ള ഉന്നതവൃത്തങ്ങള്‍ സഞ്ചരിച്ച ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിയ കോപ്ടര്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടത്തില്‍പെട്ടത്. മന്ത്രിയും ഗവര്‍ണറും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടതായി മെക്സിക്കോ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."