യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന് എഫ്.ബി.ഐ
വാഷിങ്ടണ്‍: ഒടുവില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്.ബി.ഐ) സ്ഥിരീകരിച്ചു. സംഭവത്തില്‍ മൂന്ന് റഷ്യന്‍ കമ്പനികള്‍ക്കും 13 റഷ്യന്‍ പൗരന്മാര്‍ക്കുമെതിരേ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.
എഫ്.ബി.ഐ മുന്‍ ഡയരക്ടര്‍ റോബര്‍ട്ട് മ്യൂളര്‍ സ്‌പെഷല്‍ കൗണ്‍സല്‍ ആയുള്ള സംഘമാണ് 37 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ആള്‍മാറാട്ടം, ഗൂഢാലോചന അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
2014 മുതല്‍ സംഘം അമേരിക്കന്‍ രാഷ്ട്രീയ പ്രക്രിയയിലും തെരഞ്ഞെടുപ്പ് നടപടികളിലും ഇടപെടാന്‍ ഗൂഢാലോചന നടത്തിയിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2016ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് അനുകൂലമായി ഇടപെട്ടതായും കുറ്റപത്രത്തിലുണ്ട്. അമേരിക്കയ്ക്കാരായി ചമഞ്ഞ് സംഘം സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളുടെ നിയന്ത്രണം ഏറ്റെടുക്കുകയും രാജ്യത്തെ രാഷ്ട്രീയ, സാമൂഹക വിഷയങ്ങളില്‍ വിഭാഗീയത വളര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുകയുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ മാസങ്ങളില്‍ 1.25 ദശലക്ഷം ഡോളറാണ് ഓരോ മാസവും റഷ്യ അമേരിക്കയില്‍ ചെലവഴിച്ചത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ ഉറ്റ കൂട്ടാളിയായ യെവ്‌ഗെനി പ്രിഗോഷിന്‍ ആണ് സംഘത്തിനു നേതൃത്വം നല്‍കുന്നത്. ഇവരുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ വലിയൊരു വിഭാഗം അമേരിക്കന്‍ ജനതയിലേക്കും എത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അസ്ഥിരത വളര്‍ത്തുകയാണു സംഘം ലക്ഷ്യമിട്ടത്.
ഇതിന്റെ ഭാഗമായാണ് 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപിന് അനുകൂലമായും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റെന ഇകഴ്ത്തിയുമുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്യാനും ശ്രമമുണ്ടായി.
പുടിന്റെ ജന്മനാടായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി, ട്രോള്‍ഫാം അടക്കം മൂന്ന് റഷ്യന്‍ കമ്പനികളാണു ഈ നീക്കത്തില്‍ പങ്കാളികളായത്. ചിലര്‍ പദ്ധതിയുടെ ഭാഗമായി അമേരിക്കയിലേക്കു യാത്ര നടത്തുകയും ചെയ്തു.
നെവാഡ, കാലിഫോര്‍ണിയ, ന്യൂ മെക്‌സിക്കോ, കൊളൊറാഡോ, ഇല്ലിനോയ്‌സ്, മിഷിഗണ്‍, ലൂസിയാന, ടെക്‌സാസ്, ജോര്‍ജിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങള്‍ കേന്ദ്രമായും ചിലര്‍ പ്രവര്‍ത്തിച്ചു. റിപബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്കും സ്വാധീനം മാറിവരുന്ന സ്റ്റേറ്റുകളെ കേന്ദ്രമായാണു സംഘം ഇത്തരം പ്രചാരണങ്ങള്‍ കൊഴുപ്പിച്ചത്.
നീക്കത്തില്‍ വേറെയും നൂറുകണക്കിനു പേര്‍ ഇടപെട്ടതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം എന്നിവയാണു സംഘം പ്രധാനമായും അജന്‍ഡ നടപ്പാക്കാനായി ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."