നമുക്കിനി കേരളത്തെക്കുറിച്ചു സംസാരിക്കാം
അഡാര്‍ മൗനിയാണു മുഖ്യമന്ത്രി പിണറായി വിജയനെന്നാണ് ഇതുവരെയുണ്ടായിരുന്ന ധാരണ. കാര്യങ്ങള്‍ പഠിച്ച്, പിഴവില്ലാതെ പറയാന്‍ വേണ്ടി ആദ്യമൊരു മൗനം അവലംബിക്കുന്നയാളാണ് അദ്ദേഹമെന്നു ജനം തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോള്‍ അതു മാറിക്കിട്ടി, പൂര്‍ണമായും!
കേട്ടപാതി കേള്‍ക്കാത്ത പാതിയാണ് 'അഡാര്‍ ലൗ' എന്ന സിനിമയ്ക്കുവേണ്ടി മുഖ്യമന്ത്രി ആവിഷ്‌കാരസ്വാതന്ത്ര്യ പോസ്റ്റിട്ടത്. സിനിമയില്‍ മാപ്പിളപ്പാട്ട് ഉള്‍പ്പെടുത്തിയതിനെതിരേ മതമൗലികവാദികള്‍ രംഗത്തുവന്നുവെന്നും അത് അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പിണറായിയുടെ പോസ്റ്റ്.
ഹൈദരാബാദില്‍ ആരോ (ഇപ്പോഴും ആരാണെന്നു വ്യക്തമല്ല) കൊടുത്ത കേസിനെ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഉറഞ്ഞുതുള്ളല്‍. കേസ് കൊടുത്തതിന്റെ കാരണമായി പറയുന്നതാണ് വിചിത്രം, പാട്ടിലെ വരികള്‍ ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ പ്രവാചകനെ അപമാനിക്കുന്നതായി തോന്നുന്നു പോലും. അപ്പോള്‍ അവര്‍ കേസ് കൊടുത്തതു പാട്ടിന്റെ വരികള്‍ക്കെതിരെയാണ്, കേരളത്തില്‍ വിവാദത്തിലായ അതിന്റെ ദൃശ്യാവിഷ്‌കാരങ്ങളെ പരാമര്‍ശിക്കുന്നേയില്ല. 1978 മുതലുള്ള മാപ്പിളപ്പാട്ടിന്റെ വരികളെ ഇപ്പോള്‍ അവര്‍ എതിര്‍ക്കുന്നത് എന്തിനാണെന്നുപോലും അറിയാതിരിക്കെ, കുതറിച്ചാടിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.
ഇനി ഗാനത്തിന്റെ ആവിഷ്‌കാരത്തിനെതിരേ കേസു കൊടുത്തുവെന്നു തന്നെ വിചാരിക്കുക. എന്നാലും എങ്ങനെയാണ് അത് അസഹിഷ്ണുതയാവുന്നത്. തങ്ങള്‍ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന ഒരാളെ അപമാനിക്കുമ്പോള്‍ അവര്‍ക്കെതിരേ വാളോങ്ങാനോ പ്രചാരണസാമഗ്രികള്‍ കത്തിച്ചുകളയാനോ ഓഫിസുകള്‍ തകര്‍ക്കാനോ പോയിട്ടില്ല. ജനാധിപത്യപരമായി കേസു കൊടുക്കുകയാണു ചെയ്തത്.
കേസുമായി മുന്നോട്ടു പോകുന്നതിനു പകരം, പിന്‍വലിക്കുന്നു, അസഹിഷ്ണുത എന്ന് വലിയവായില്‍ പറഞ്ഞു പിന്നെയും ഒരു സമൂഹത്തെയാകെ താറടിക്കാനാണു സിനിമാക്കാരും മാധ്യമങ്ങളും ഭരണകൂടവും ശ്രമിച്ചത്. ഇതേ പിണറായിയുടെ ആളുകള്‍, എ.കെ.ജിക്കെതിരേ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ ചെയ്തുകൂട്ടിയതെല്ലാം കണ്ടതാണല്ലോ.
അസഹിഷ്ണുത ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ ഹിന്ദുവര്‍ഗീയവാദികളും മുസ്‌ലിം വര്‍ഗീയവാദികളും ഒത്തുകളിക്കുന്നുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ലെന്നും പറഞ്ഞു മുഖ്യമന്ത്രി ബാലന്‍സ് ചെയ്യുന്നത് എന്തിനെയാണ്.
'പത്മാവതി' എന്ന സിനിമയ്‌ക്കെതിരേ കര്‍ണിസേനയുടെ പ്രതികരണം കാണാത്തയാളാണോ പിണറായി. പന്‍സാരെയെയും ധബോല്‍ക്കറെയും കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും കൊന്നതിനെ ഇവിടെ തുലനം ചെയ്യാനാവുന്നതെങ്ങനെ. ആരെ പേടിച്ചാണെങ്കിലും ഈ ബാലന്‍സിങ് രാഷ്ട്രീയം ഇരട്ടച്ചങ്കനു പറ്റില്ല, ഒറ്റച്ചങ്കനുപോലും ചേര്‍ന്നതല്ല.
കേവലമൊരു സിനിമാ വിമര്‍ശനമായി കാണേണ്ടതിനെ അസഹിഷ്ണുതയായി കാണുന്ന മുഖ്യമന്ത്രി സ്വന്തം നാട്ടില്‍നടക്കുന്ന ഇറച്ചിവെട്ടു കൊലകളെ കാണാതെ പോകുന്നതെന്താണെന്നാണ് പിടികിട്ടാത്തത്. ശുഹൈബ് എന്ന ചെറുപ്പക്കാരനെ തുണ്ടംതുണ്ടമാക്കി അരുംകൊല ചെയ്തത് താനറിഞ്ഞില്ലല്ലോ നാരായണാ എന്ന മട്ടിലാണിപ്പോഴും. കൊലപാതകം നടന്ന് ഇത്രയും ദിവസമായിട്ടും മൗനം പാലിക്കുന്നത് കേരളത്തിന്റെ ഒന്നാംസ്ഥാനം തെറിച്ചുപോവുമെന്ന് കരുതിയാണോ. അതോ, കണ്ണൂരിനെ കണ്ണീരിലാക്കുന്നത് തന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന ആരോപണങ്ങളില്‍ സത്യമുള്ളതുകൊണ്ടാണോ.
ഇതൊക്കെ നടക്കുന്നതിനിടയില്‍ത്തന്നെയാണ്, കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ചതും ഗര്‍ഭസ്ഥശിശു മരിച്ചതും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തില്‍ കലാപസമയത്ത് ത്രിശൂലത്തില്‍ കുത്തി ഗര്‍ഭസ്ഥശിശുവിനെ പുറത്തിട്ട സംഭവത്തിനു സമാനമല്ലേ ഇതും. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി അടക്കം ആറു പേര്‍ അറസ്റ്റിലായ ഈ സംഭവത്തിലും ഫേസ്ബുക്ക് പോസ്റ്റിടാന്‍ മുഖ്യമന്ത്രിയുടെ കൈവിറയ്ക്കും.
മുന്‍പ് നടന്ന ശുക്കൂറിന്റെ ആള്‍ക്കൂട്ട കൊലപാതകവും ടി.പി വധവും ഞങ്ങളാണു ചെയ്തതെന്നു വിളിച്ചുപറയുന്നതിലൂടെ ഉത്തരേന്ത്യന്‍ സംഘ്‌രാഷ്ട്രീയം തന്നെയാണ് അധികാരത്തിലിരിക്കുന്ന സി.പി.എമ്മും ഇപ്പോള്‍ പയറ്റുന്നത്. വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചുവെന്നത് ഇവിടെ എന്തും ചെയ്യാമെന്നതിനുള്ള ലൈസന്‍സാണോ. ഇങ്ങനെയാണെങ്കില്‍, അഞ്ചുവര്‍ഷത്തിനിടെ ചെയ്തുകൂട്ടുന്ന കാടത്തങ്ങളുടെ കറ മായ്ക്കാന്‍ ലോകത്തെ മൊത്തം പത്രങ്ങളുടെ ഒന്നാം പേജുകള്‍ മതിയാവാതെ വരും. അതുകൊണ്ട് നമുക്കിനി കേരളത്തെക്കുറിച്ച് മാത്രം സംസാരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."