മൊടക്കല്ലൂര്‍ എ.യു.പി സ്കൂള്‍
ആറാം ക്ലാസിലെ
പൊട്ടിയ ബഞ്ചിലിരുന്ന്
ചോറ്റുപാത്രത്തില്‍ നജ്മ
കൊണ്ടുവരാറുള്ള
ഇറച്ചിപ്പത്തിരി തിന്നിട്ടുണ്ട്
ഉച്ചനേരങ്ങളില്‍...
ബാലന് മാസ്റ്റര്‍ ഇംഗ്ലീഷ് വാക്കുകള്‍
കേട്ടെഴുത്തു നടത്തുമ്പോള്‍
കണ്ണുകള്‍ കൊണ്ടെനിക്ക്
അടയാളപ്പെടുത്തി തരാറുണ്ടവള്‍
ശരിയായ വാക്കുകള്‍...
അച്ഛന്റെയും ബാപ്പയുടെയും
പേരുകള്‍ വിളിച്ചാണ്
ജനാര്ദനന് മാസ്റ്റര്‍ ചോദ്യം ചോദിക്കുക.
മാഷ്ക്കെതിരേ കേസു കൊടുക്കണമെന്ന്
കളിയായി പരിഭവം പറഞ്ഞിട്ടുണ്ട്
നജ്മ പലപ്പോഴും...
കണ്ണുരുട്ടി സൗമിനി ടീച്ചര്‍
ഹിന്ദിയെടുക്കുമ്പോള്
കുലുങ്ങാറുണ്ട് ക്ലാസുകള്‍
വെടിക്കെട്ടു കണ്ടു ഭയന്ന
കുഞ്ഞുങ്ങളെപ്പോലെ
ഭയന്നിരിക്കാറുണ്ട് ഞങ്ങള്‍...
കാലം വിഴുങ്ങിയ ഇന്നലെകള്‍
ഓര്‍മയിലേക്ക് ഇരച്ചെത്തവേ,
കെട്ട്യോനും കുട്ട്യോളുമായി
കൈയെത്തും ദൂരത്ത്
നജ്മ ഉണ്ടായിരുന്നു, ആരുമറിയാതെ...
മൊട്ടത്തലയും ചുളുങ്ങിയ മുഖവും
നിറംമങ്ങിയ നേര്‍ത്ത ചിരിയുമായി
കാന്‍സര്‍ വാര്‍ഡിലുണ്ട് നജ്മ.
എന്നെ കണ്ടതും
ചോറ്റുപാത്രം തുറന്ന്
ഇറച്ചിപ്പത്തിരി നീട്ടവേ,
കണ്ണീരിനാല്‍ പൊതിഞ്ഞ മുഖത്ത്
കുഞ്ഞുപുഞ്ചിരി കവിതയാകുന്നുവോ...?!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."