HOME
DETAILS

അക്ഷരങ്ങളുടെ ആഘോഷം

  
backup
February 18 2018 | 01:02 AM

aksharanglude-akhoosham

ആഘോഷങ്ങള്‍ നിരവധിയാണ്. ആഘോഷങ്ങളുടെ കാരണങ്ങളും പലതാണ്. എന്നാല്‍ അക്ഷരങ്ങളുടെ ആഘോഷമാണു പുസ്തകോത്സവങ്ങള്‍. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജര്‍മനി ഫ്രാങ്ക്ഫര്‍ട്ടിലെ പുസ്തകോത്സവമാണ് ലോകത്ത് ആ ഗണത്തില്‍ ഏറ്റവും വലുത്. ഒക്ടോബര്‍ മാസത്തിലാണ് അതു സംഘടിപ്പിക്കപ്പെടാറുള്ളത്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവവും ലോകപ്രശസ്തമാണ്. എന്നാല്‍, അറേബ്യന്‍ ലോകത്ത് ഏറ്റവും പഴക്കമുള്ള പുസ്തകോത്സവങ്ങളില്‍ ഒന്നാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ബുക്ക് ഫെസ്റ്റിവല്‍.

ഈജിപ്തിലെ ശൈത്യകാല അവധിയായ ജനുവരി അവസാനവാരത്തിലാണു കെയ്‌റോ പുസ്തകോത്സവം തുടങ്ങുക. അല്‍അസ്ഹര്‍, കെയ്‌റോ തുടങ്ങി ലോകോത്തര സര്‍വകലാശാലകളുടെ സാന്നിധ്യം കാരണം സ്വദേശികളും വിദേശികളും അടങ്ങുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ കേന്ദ്രമായ കെയ്‌റോയില്‍ ശൈത്യകാല അവധി തന്നെ പുസ്തകോത്സവത്തിനു തിരഞ്ഞെടുത്തത് അവരെ കൂടി പരിഗണിച്ചാകണം. വിദ്യാര്‍ഥികള്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
അല്‍ അസ്ഹര്‍ സര്‍വകലാശാലയ്ക്കടുത്ത് കെയ്‌റോ ഫെയര്‍ സോണ്‍ എന്ന പേരിലുള്ള വിശാലമായ മൈതാനത്താണ് ഫെസ്റ്റിവല്‍ നടക്കുന്നത്. മറ്റു സമയത്തു മറ്റു പല ഫെസ്റ്റിവലുകളും ഇവിടെ സംഘടിപ്പിക്കപ്പെടാറുണ്ട്. അതൊന്നും ബുക്ക് ഫെസ്റ്റിവല്‍ പോലെ പ്രശസ്തമോ പ്രാധാന്യമുള്ളതോ അല്ല. അറുപതും എഴുപതും പിന്നിട്ട വൃദ്ധന്മാര്‍ പോലും വടിയും കുത്തിപ്പിടിച്ചു പുസ്തകം തിരയുന്നതും കുടുംബമൊന്നടങ്കം രാത്രി ഭക്ഷണവുമായി വന്ന് ആവശ്യമായ പുസ്തകങ്ങള്‍ വാങ്ങി ഒരിടത്തിരുന്നു തമാശ പറഞ്ഞും ചിരിച്ചും ഭക്ഷണം കഴിക്കുന്നതും ഇവിടത്തെ വേറിട്ട കാഴ്ചയാണ്. ചില ബാല്യങ്ങള്‍ പന്തുമായി വന്ന് മൈതാനത്ത് കളിച്ചു രസിക്കുന്നു. കെയ്‌റോ നിവാസികളുടെ ഉത്സവക്കാലം എന്ന് ഒറ്റവാക്കില്‍ ബുക്ക് ഫെയറിനെ വിശേഷിപ്പിക്കാം. ഓരോ വര്‍ഷവും ശരാശരി രണ്ട് മില്യന്‍ ജനങ്ങള്‍ ഇവിടെ സന്ദര്‍ശിക്കുന്നു.
അറേബ്യന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങളില്‍ സിംഹഭാഗവും കെയ്‌റോയിലാണു പ്രസിദ്ധീകരിക്കപ്പെടുന്നത്. ബുക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന ജനറല്‍ ഈജിപ്ഷ്യന്‍ ബുക്ക് ഓര്‍ഗനൈസേഷന്‍ ആണ് അറേബ്യന്‍ ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രസാധകര്‍. 1969ല്‍ കെയ്‌റോ പട്ടണനിര്‍മാണത്തിന്റെ സഹസ്രാബ്ദം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ ഈജിപ്ഷ്യന്‍ ബുക്ക് ഓര്‍ഗനൈസേഷന്‍ ആദ്യമായി ബുക്ക് ഫെയര്‍ സംഘടിപ്പിക്കുന്നത്. വര്‍ഷാവര്‍ഷങ്ങളില്‍ വൈവിധ്യവും ജനകീയതയും കൂടുന്നതും കുറയുന്നതും സര്‍വസാധാരണമാണെങ്കിലും ഇന്നും അതു മുറതെറ്റാതെ സംഘടിപ്പിക്കപ്പെടുന്നു. ഈജിപ്തില്‍ മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതു കാരണം 2011ല്‍ മാത്രമാണു പുസ്തകോത്സവത്തിനു മുടക്കമുണ്ടായത്.
47 രാജ്യങ്ങളില്‍നിന്നുള്ള 462 പ്രസാധകരായിരുന്നു ആദ്യ വര്‍ഷം പങ്കെടുത്തിരുന്നത്. അന്നു ലഭ്യമായിരുന്ന പുസ്തകങ്ങളുടെ എണ്ണം പതിനായിരത്തിനടുത്തു മാത്രമായിരുന്നു. പ്രസാധകരുടെ എണ്ണം തുടര്‍ന്നുള്ള ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടേയിരുന്നു. എന്നാല്‍ 1982 മുതല്‍ പ്രസാധകരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ പ്രസാധകര്‍ പങ്കെടുത്തത് 2004ലാണ്. അന്ന് 97 രാജ്യങ്ങളില്‍നിന്നുള്ള 3,150 പ്രസാധകര്‍ അഞ്ച് മില്യന്‍ പുസ്തകങ്ങളാണ് അന്ന് പ്രദര്‍ശനത്തിനു വച്ചത്. ആഴ്ചകള്‍ക്കു മുന്‍പ് 49-ാം ബുക്ക് ഫെയര്‍ ആണു സമാപിച്ചത്. 27 രാജ്യങ്ങള്‍ ഇത്തവണ പങ്കെടുത്തു. അതില്‍ പതിനേഴും അറേബ്യന്‍ രാജ്യങ്ങളാണ്. 1,194 സ്റ്റാളുകളിലായി 848 പ്രസാധകര്‍ പങ്കെടുത്തു. 481 പ്രസാധകരും ഈജിപ്ഷ്യരാണ്. വിദേശരാജ്യങ്ങളില്‍നിന്ന് 367 പ്രസാധകരാണു പങ്കെടുത്തത്.
പുസ്തകങ്ങള്‍ക്കു പുറമെ പ്രസംഗങ്ങള്‍, പാട്ടുകള്‍ തുടങ്ങിയവയുടെ സി.ഡികളും മറ്റും ലഭ്യമാണ്. നിരവധി കലാപരിപാടികളും ഫെയറിനോടനുബന്ധിച്ചു സംഘടിപ്പിക്കപ്പെടാറുണ്ട്. ഖവാലി, നാടോടി നൃത്തങ്ങള്‍, സാംസ്‌കാരിക ചര്‍ച്ചകള്‍, എഴുത്തുകാരുടെ സംഗമം തുടങ്ങി ഓരോ ദിവസവും പലവിധ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ചില രാഷ്ട്രങ്ങള്‍ പുസ്തകങ്ങളുടെ വില്‍പനയ്‌ക്കൊപ്പം തങ്ങളുടെ സാംസ്‌കാരിക വൈവിധ്യം പ്രദര്‍ശിപ്പിക്കാനുള്ള അവസരമായി കൂടി ബുക് ഫെയറിനെ കാണുന്നു.
'മൃദുശക്തി.. എങ്ങനെ'(ടീള േജീംലൃ.. ഒീം) എന്നതായിരുന്നു ഇത്തവണ പുസ്തകോത്സവത്തിന്റെ പ്രമേയം. അന്താരാഷ്ട്രതലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സമാധാനത്തിലും പരസ്പര സഹകരണത്തിലുമധിഷ്ഠിതമായ ഉഭയകക്ഷിബന്ധത്തിനാവശ്യമായ നയനിലപാടുകളെയാണു മൃദുശക്തി എന്നത് കൊണ്ടര്‍ഥമാക്കുന്നത്. പുതിയ രാഷ്ടീയസാഹചര്യത്തില്‍ കെയ്‌റോ ഫെസ്റ്റിവല്‍ ഇത്തരമൊരു പ്രമേയം സ്വീകരിക്കുന്നതിനു പ്രസക്തിയേറെയാണ്. വായനയും അനുബന്ധചര്‍ച്ചകളും അന്താരാഷ്ട്രതലത്തിലെ സൗഹാര്‍ദത്തിനും സാഹോദര്യത്തിനും സഹായകരമാക്കുന്നതാകട്ടെ എന്നതാണ് ഈജിപ്ത് ഇതിലൂടെ വിളിച്ചുപറയുന്നത്.
ഓരോ തവണയും അതതു വര്‍ഷത്തെ പ്രധാനപ്പെട്ട വ്യക്തിയെ പുസ്തകോത്സവത്തിന്റെ കേന്ദ്രകഥാപാത്രമായി പരിഗണിക്കാറുണ്ട്. ഈജിപ്തിലെ പ്രസിദ്ധനായ ചിന്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ റഹ്മാന്‍ ശര്‍ഖാവി (1920-1987) ആയിരുന്നു ഇത്തവണ പ്രധാന എഴുത്തുകാരന്‍. പുസ്തകോത്സവ പ്രമേയത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള രചനകള്‍ നടത്തിയെന്നതിനാലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. നിരവധി പുസ്തകങ്ങളുടെ രചയിതാവായ അബ്ദുല്‍ റഹ്മാന്‍ ശര്‍ഖാവി ഈജിപ്തിന്റെ രചനാവിളക്കായിരുന്നു.
ഓരോ പ്രാവശ്യവും ഒരു ഗസ്റ്റ് ഓഫ് ഹോണറും ഫെയറിനോടനുബന്ധിച്ച് ഉണ്ടാവാറുണ്ട്. ഇപ്രാവശ്യം അള്‍ജീരിയ ആയിരുന്നു അതിനായി തിരഞ്ഞെടുക്കപ്പെട്ടത്. 4,000 പുസ്തകങ്ങളുമായി 70 പ്രസാധകരെ പങ്കെടുപ്പിച്ചാണ് അള്‍ജീരിയ ഇത് ആഘോഷിച്ചത്. അള്‍ജീരിയയിലെ പ്രമുഖരായ 20 എഴുത്തുകാരും സന്നിഹിതരായിരുന്നു. കഴിഞ്ഞ നവംബറില്‍ മരണപ്പെട്ട ഈജിപ്തിന്റെ ജനകീയനടി ഷാദിയയുടെ(ഫാത്തിമ അഹ്മദ് കമാല്‍ ശാകിര്‍) സ്മരണാര്‍ഥം അവരുടെ 'നൈലിന്റെ തീരത്ത് ' എന്ന ചലച്ചിത്രം പ്രത്യേക വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അവരുടെ പേരില്‍ സാംസ്‌കാരിക പരിപാടികള്‍ക്ക് ഒരു തിയറ്ററും സജ്ജീകരിച്ചു. നജീബ് മഹ്ഫൂളിന് നൊബേല്‍ സമ്മാനം ലഭിച്ചതിന്റെ 30-ാം വാര്‍ഷിക ആഘോഷം, പ്രമുഖ അറബ് എഴുത്തുകാരന്‍ തൗഫീഖുല്‍ ഹക്കീമിന്റെ 120-ം ജന്മദിന ആഘോഷം, ജമാല്‍ അബ്ദുല്‍ നാസറിന്റെ 100-ാം ജന്മദിനാഘോഷം എന്നിവയെല്ലാം ഒത്തുവന്നതും ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ പകിട്ടുവര്‍ധിപ്പിച്ചിട്ടുണ്ട്. 'ചൈനയിലെ ന്യൂനപക്ഷ സാഹിത്യം' എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട സിമ്പോസിയം ശ്രദ്ധേയമായിരുന്നു.
അല്‍ അസ്ഹറിന്റെ സ്റ്റാളും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അസ്ഹറിന്റെ വൈജ്ഞാനികവും രാഷ്ട്രീയവുമായ ചരിത്രം അനാവരണം ചെയ്ത ദൃശ്യവിരുന്ന് തിയറ്ററിന്റെ സഹായത്തോടെയായിരുന്നു പ്രദര്‍ശിപ്പിച്ചത്. മൂല്യവത്തായ പല പുസ്തകങ്ങളും തുച്ഛമായ വിലക്ക് അസ്ഹറിന്റെ സ്റ്റാളില്‍ ലഭ്യമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതലമാണ് അസ്ഹര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു തുടങ്ങിയത്.
ഈജിപ്തിലെ പ്രമുഖ എഴുത്തുകാരനായ ഡോ. മുഹമ്മദ് സല്‍മാവിയുടെ 'അജ്‌നിഹത്തുല്‍ ഫറാഷ' എന്ന പുസ്തകത്തിന്റെ ഉറുദുവിലേക്കുള്ള വിവര്‍ത്തനത്തിന്റെ പ്രഖ്യാപനവും ഉത്സവത്തില്‍ നടന്നു. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ പ്രൊഫസര്‍ ഡോ. മുഹമ്മദ് ഖുതുബുദ്ദീന്‍ ആണു വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത്. ഇന്തോ-ഈജിപ്ഷ്യന്‍ കൃതികള്‍ പരസ്പരം ഭാഷാന്തരം ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും അതിന്റെ പ്രചാരണത്തിന് ആവശ്യമായി നടപടികളെ കുറിച്ചും ഇതോടനുബന്ധിച്ചു നടന്ന ചര്‍ച്ചയില്‍ ചര്‍ച്ചയായി. ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഈജിപ്തിലെ മൗലാനാ ആസാദ് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കള്‍ച്ചര്‍ ഡയറക്ടര്‍ ഡോ. ലിയാഖത്ത് അലിയും സംസാരിച്ചു.
പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന സൂഖുല്‍ അസ്ബക്കിയ്യയാണു മറ്റൊരു ശ്രദ്ധേയമായ സ്റ്റാള്‍. കുറഞ്ഞ വിലക്ക് ആയിരക്കണക്കിനു പുസ്തകങ്ങളാണ് ഇവിടെ വില്‍ക്കപ്പെട്ടിരുന്നത്. അങ്ങേയറ്റം മൂല്യമേറിയ ഗ്രന്ഥങ്ങളും ഇവയില്‍ ഉള്‍പ്പെടും. പ്രശസ്തമായ പുസ്തകങ്ങള്‍ പഴയ അച്ചടി കാരണം കുറഞ്ഞ വിലക്കു വില്‍ക്കപ്പെടുന്നു. എഴുത്തുകാര്‍ തന്നെ നേരിട്ടെത്തി ജനങ്ങള്‍ക്കു തങ്ങളുടെ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കുന്ന കാഴ്ച ഏറെ കൗതുകമുണര്‍ത്തി. അപൂര്‍വമായി ചില സ്റ്റാളുകളില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ പങ്കെടുക്കുന്ന പുസ്തകനിരൂപണവും ശേഷം പുസ്തകങ്ങളുടെ സൗജന്യ വിതരണവും കാണാനായി.
വായന മരിച്ചെന്നു പറയുന്നവര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു രണ്ടാഴ്ച നീണ്ടുനിന്ന പുസ്തക മാമാങ്കം. ഡിജിറ്റല്‍ രൂപത്തിലോ അച്ചടിരൂപത്തിലോ ആയി ഇന്നും വായന ശക്തമാണെന്ന് കെയ്‌റോ പുസ്തകോത്സവം വിളിച്ചുപറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

അതീവ വിസ്മയം മലബാറിലെ ഈ മിനി ഗവി...! പോവാം സഞ്ചാരികളേ കക്കാടം പൊയിലിലേക്ക് 

justin
  •  2 months ago
No Image

പ്രകാശ് കാരാട്ട് സി.പി.എം കോ-ഓര്‍ഡിനേറ്റര്‍; ചുമതല പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുന്നത് വരെ

National
  •  2 months ago
No Image

അപകടത്തിനിടെ എയര്‍ബാഗ് മുഖത്തമര്‍ന്നു സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങി; മാതാവിന്റെ മടിയിലിരുന്ന രണ്ട് വയസ്സുകാരി ശ്വാസം മുട്ടി മരിച്ചു

Kerala
  •  2 months ago
No Image

ഫോണ്‍ ചോര്‍ത്തല്‍: പി.വി അന്‍വറിനെതിരെ കേസ് 

Kerala
  •  2 months ago
No Image

നെഹ്‌റു ട്രോഫി ജലമേള വിജയികളെ സംബന്ധിച്ച് തര്‍ക്കം; 100 പേര്‍ക്കെതിരെ കേസ് 

Kerala
  •  2 months ago
No Image

'നസ്‌റുല്ല രക്തസാക്ഷി' തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നിര്‍ത്തിവച്ച് മെഹബൂബ മുഫ്തി; കശ്മീര്‍ തെരുവുകളെ ഇളക്കി മറിച്ച് അമേരിക്ക-ഇസ്‌റാഈല്‍ വിരുദ്ധ പ്രതിഷേധം

National
  •  2 months ago
No Image

പാര്‍ട്ടിക്കും മന്ത്രിസഭക്കും കരുത്താകാന്‍ ഉദയനിധി;  ഉപമുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും;  അഴിച്ചു പണിയില്‍ സെന്തില്‍ ബാലാജി വീണ്ടും മന്ത്രി

National
  •  2 months ago
No Image

ഹസന്‍ നസറുല്ലയുടെ വധത്തിന് ശേഷവും ലബനാന് മേല്‍ നിലക്കാത്ത ബോംബ് വര്‍ഷവുമായി ഇസ്‌റാഈല്‍;  മരണം 1700 കടന്നു

International
  •  2 months ago
No Image

അന്‍വറിന്റെ വീടിന് സുരക്ഷ;   ജില്ലാ പൊലിസ് മേധാവി ഉത്തരവിട്ടു, വീടിന് സമീപം പൊലിസ് പിക്കറ്റ് പോസ്റ്റ്

Kerala
  •  2 months ago