ശുഹൈബ് വധം: രണ്ട് സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെ കീഴടങ്ങിയ തില്ലങ്കേരി മുടക്കോഴിമല സ്വദേശികളായ ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരുടെ അറസ്റ്റാണ് മട്ടന്നൂര്‍ പൊലിസ് രേഖപ്പെടുത്തിയത്.
രാവിലെ ഇരുവരും പ്രാദേശിക നേതാക്കളുടെ സഹായത്തോടെ മാലൂര്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം പൊലിസ് നിഷേധിച്ചു. ഇരുവരെയും വിവിധ സ്ഥലങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതാണെന്നാണ് പൊലിസ് പറയുന്നത്.
ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും പ്രദേശത്തെ സി.പി.എം നേതാക്കളുടെ മക്കളാണ്. ആകാശ് തിരുവനന്തപുരത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇരുവരുടെയും സുഹൃത്ത് ശ്രീജിത്തിനെ പൊലിസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതികള്‍ക്കു വേണ്ടി മുടക്കോഴി മലയില്‍ ഉള്‍പ്പെടെ പൊലിസ് തിരച്ചില്‍ നടത്തിയിരുന്നു.
കൊലപാതകം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും ആരെയും പിടികൂടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് തിങ്കളാഴ്ച കലക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കീഴടങ്ങിയത് ഡമ്മി പ്രതികളാണെന്ന ആരോപണവുമായി സുധാകരന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."