അന്താരാഷ്ട്ര സാഹിത്യോത്സവത്തിന്റെ സ്ഥിരംവേദി കൊച്ചിയിലാക്കുന്നത് പരിഗണിക്കും: മന്ത്രി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയുടെയും സാഹിത്യോത്സവത്തിന്റെയും സ്ഥിരംവേദി കൊച്ചിയിലാക്കുന്നത് പരിഗണിക്കുമെന്ന് സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി മാധ്യമങ്ങളുടെ എഡിറ്റര്‍മാരുമായി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സഹകരണ വകുപ്പിന്റെയും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ മറൈന്‍ ഡ്രൈവിലും ബോള്‍ഗാട്ടിയിലുമായി നടക്കുന്ന മേളയുടെ വിജയം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ജയ്പൂര്‍, കൊല്‍ക്കത്ത സാഹിത്യോത്സവങ്ങളുടെ തുടര്‍ച്ചയായി വരുംവര്‍ഷങ്ങളില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ കേരളത്തിന്റെ അന്താരാഷ്ട്ര സാഹിത്യോത്സവം സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രസാധകരംഗത്തെ പ്രമുഖരെയും പ്രശസ്തരായ എഴുത്തുകാരെയും മേളയില്‍ പങ്കെടുപ്പിക്കുന്നതിന് അത് സഹായകമാകും. സാഹിത്യം, സംസ്‌കാരം, ചരിത്രം, സാങ്കേതികത, വിദ്യാഭ്യാസം, ചലച്ചിത്രം എന്നിവയ്‌ക്കൊപ്പം പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും സാഹിത്യോത്സവം വേദിയാകും.
ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. കുട്ടികള്‍ക്ക് സ്വന്തമായി ഒരു പുസ്തകശാല തുടങ്ങാനുള്ള അവസരമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി പ്രകാരം 250 രൂപ വിലയുള്ള കൂപ്പണ്‍ നല്‍കി അതേ വിലയ്ക്കുള്ള പുസ്തകങ്ങള്‍ പുസ്തക മേളയില്‍നിന്ന് സ്വന്തമാക്കുന്നതാണ് പദ്ധതി. പുസ്തകമേളയുടെയും സാഹിത്യോത്സവത്തിന്റെയും വിശദമായ ഷെഡ്യൂള്‍ 25 ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."