ചാനല്‍ ചര്‍ച്ച: സി.പി.എം നിയന്ത്രണം കൊണ്ടുവരും
തിരുവനന്തപുരം: നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ സി.പി.എം ഒരുങ്ങുന്നു. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട സംഭവം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും അതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ നീക്കം.
കഴിഞ്ഞ ദിവസം ശുഹൈബ് വധവുമായി ബന്ധപ്പെട്ടു നടന്ന ചാനല്‍ ചര്‍ച്ചയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു പറഞ്ഞിട്ടില്ലെന്ന് ചര്‍ച്ചയില്‍ ഷംസീര്‍ പറഞ്ഞത്, ഷുക്കൂര്‍ വധം പാര്‍ട്ടി ആസൂത്രണം ചെയ്തതാണെന്ന കുറ്റസമ്മതമായി വിലയിരുത്തപ്പെട്ടു. തൊട്ടുപിറകെ മറ്റൊരു ചര്‍ച്ചയില്‍ തിരുവനന്തപുരത്തെ പാര്‍ട്ടി നേതാവ് എ.എ റഹിം നടത്തിയ പരാമര്‍ശവും വിവാദമായി. കൊല്ലപ്പെട്ട ശുഹൈബിന്റെ പിതാവിനെ ചര്‍ച്ചയ്ക്കു വിളിച്ചതിനെ റഹിം രൂക്ഷമായി വിമര്‍ശിച്ചതാണ് വിവാദത്തിനു കാരണമായത്. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ സംസാരിക്കുന്ന ഇത്തരം നേതാക്കള്‍ ചര്‍ച്ചയ്ക്കു പോകുന്നതു തടയണമെന്ന അഭിപ്രായം ശക്തമായതിനെ തുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവരുന്നത്.
തൃശൂരില്‍ നടക്കാനിരിക്കുന്ന സംസ്ഥാന സമ്മേളനത്തിനുശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റി, സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് വ്യക്തമായ മാര്‍ഗരേഖ തയാറാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.
പാര്‍ട്ടി തീരുമാനിക്കുന്ന നേതാക്കള്‍ മാത്രം ചാനല്‍ ചര്‍ച്ചകള്‍ക്കു പോയാല്‍ മതിയെന്നും അവര്‍ പാര്‍ട്ടി നയത്തില്‍നിന്ന് വ്യതിചലിക്കാത്തതരത്തില്‍ സംസാരിക്കാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍കൂട്ടി വ്യക്തത വരുത്തിയിരിക്കണമെന്നുമുള്ള തീരുമാനമായിരിക്കും ഉണ്ടാകുക.
നിശ്ചിത ആളുകള്‍ മാത്രം ചര്‍ച്ചയ്ക്കു പോയാല്‍ മതിയെന്ന ധാരണ നേരത്തേ പാര്‍ട്ടി ഉണ്ടാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ അതു പാലിക്കപ്പെടാത്ത അവസ്ഥയായി. ഇപ്പോള്‍ ക്ഷണംകിട്ടുന്ന മിക്ക നേതാക്കളും ചര്‍ച്ചയ്ക്കുപോകുന്ന അവസ്ഥയുണ്ട്. ചിലര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അമിത താല്‍പര്യം കാണിക്കുന്നതായി ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനവുമുയര്‍ന്നിരുന്നു.
ഈ വ്യഗ്രത ചാനലുകള്‍ മുതലെടുക്കുന്നുവെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്. ചില ചര്‍ച്ചകള്‍ പാര്‍ട്ടിയെ മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ ചാനലുകള്‍ ആസൂത്രണംചെയ്ത് അതിനുപറ്റിയ ആളുകളെ ക്ഷണിച്ചുവരുത്തുന്നുവെന്ന പരാതിയും ചില നേതാക്കള്‍ക്കുണ്ട്. അവരത് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് നേതൃത്വം ഈ വിഷയം ഗൗരവത്തിലെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."