സ്ഥലപരിമിതി: പാഴാകുന്നത് ലിറ്റര്‍ കണക്കിന് രക്തം ആദില്‍ ആറാട്ടുപുഴ
തിരുവനന്തപുരം: സ്ഥലത്തിന്റെ അപര്യാപ്തതയും ബ്ലഡ് ബാങ്കുകളും ആശുപത്രികളും തമ്മിലുള്ള ഏകോപനമില്ലായ്മയുംമൂലം പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ രക്തം.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തുടനീളം പാഴായത് 28 ലക്ഷം യൂണിറ്റ് രക്തമാണ്. ഇത് ഏകദേശം ആറുലക്ഷം ലിറ്റര്‍ രക്തം വരും. രക്തദാന ക്യാംപുകളിലൂടെയും മറ്റും ശേഖരിക്കുന്ന രക്തമാണ് ഇത്തരത്തില്‍ പാഴാകുന്നത്. രോഗികള്‍ക്ക് രക്തം എത്തിച്ചുനല്‍കാനുള്ള പൂര്‍ണ ഉത്തരവാദിത്തം ബ്ലഡ് ബാങ്കുകളുടെ ചുമതലയാകാതെ ഇതിന് പരിഹാരമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രക്തദാന ക്യാംപുകള്‍വഴിയും അല്ലാതെയും ശേഖരിക്കുന്ന രക്തം കൃത്യമായി സൂക്ഷിക്കാനോ ഫലപ്രദമായി ഉപയോഗിക്കാനോ പല ബ്ലഡ് ബാങ്കുകള്‍ക്കും കഴിയാറില്ല. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ പരമാവധി ആയുസ് എട്ടുമുതല്‍ ഒന്‍പത് ദിവസം വരെയാണ്. പ്ലാസ്മയും അരുണ രക്താണുക്കളുമുള്‍പ്പെടെ സൂക്ഷിച്ചുവച്ച് ഉപയോഗിക്കാവുന്ന രക്തത്തിലെ മറ്റ് ഘടകങ്ങള്‍പോലും കൃത്യമായി ഉപയോഗപ്പെടുത്താന്‍ ബ്ലഡ് ബാങ്കുകള്‍ക്ക് ആകുന്നില്ല.
തിരുവനന്തപുരം ആര്‍.സി.സിയില്‍ ഏറ്റവും അധികം ആവശ്യമായിവരുന്നത് പ്ലേറ്റ്‌ലറ്റുകളാണ്. പ്ലേറ്റ്‌ലറ്റ് മാറ്റിയശേഷം ബാക്കിവരുന്ന രക്തം ഉപയോഗപ്പെടുത്താം. എന്നാല്‍, ഇത് മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ എത്തിക്കാനോ സൂക്ഷിച്ചുവയ്ക്കാനോ നിലവില്‍ സംവിധാനങ്ങളില്ല. സാധാരണ ശേഖരിക്കുന്ന രക്തം 35 ദിവസത്തിനപ്പുറം സൂക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍, അതിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സൂക്ഷിക്കാവുന്നതാണ്.
ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ രക്തം ബ്ലഡ് ബാങ്കില്‍നിന്ന് ലഭിക്കണമെങ്കില്‍ തിരിച്ച് രക്തം ദാനം ചെയ്യണമെന്ന ബ്ലഡ് ബാങ്കുകളുടെ നിലപാട് പലപ്പോഴും കൂട്ടിരിപ്പുകാരെ പ്രതിസന്ധിയിലാക്കാറുണ്ട്.
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ബ്ലഡ് ഡോണേഴ്‌സ് ഓര്‍ഗനൈസേഷന്റെ (ഫിബ്‌ഡോ) യോഗത്തില്‍ ബ്ലഡ് ബാങ്കില്‍ നിന്നെടുക്കുന്ന രക്തത്തിന് പകരം രക്തം ദാനം ചെയ്യിക്കരുതെന്ന തീരുമാനം കൈക്കൊണ്ടതാണ്. സര്‍ക്കാരിന് നല്‍കിയ ഈ നിര്‍ദേശം ഉത്തരവായി ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."