മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 19,000 ദിര്‍ഹം നഷ്ടപ്പെട്ടതായി പരാതി
മംഗളൂരു: ദുബൈയിലേക്കുള്ള യാത്രക്കിടെ മംഗളൂരു വിമാനത്താവളത്തില്‍ കാസര്‍കോട് സ്വദേശിയുടെ 19,000 ദിര്‍ഹം (3,33,000 രൂപ) കവര്‍ന്നതായാണ് പരാതി. കാസര്‍കോട് മുഗു സ്വദേശിയുടെ പണമാണ് നഷ്ടമായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്നോടെ മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലായിരുന്നു മുഗു സ്വദേശി ദുബൈയിലേക്ക് യാത്രയായത്.
കയ്യില്‍ കരുതാറുള്ള പണമടങ്ങിയ ബാഗ് ഇയാള്‍ ലഗേജില്‍ വച്ച് മറന്നതാണ് പണം നഷ്ടപ്പെടാന്‍ കാരണമായതെന്ന് പറയുന്നു. ദുബൈയില്‍ എത്തിയപ്പോഴാണ് ബാഗിന്റെ പൂട്ട് പൊളിച്ച നിലയില്‍ ഇയാള്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ദുബൈ എയര്‍പോര്‍ട്ട് അധികൃതര്‍ക്കും സ്പൈസ് ജെറ്റിനും പരാതി നല്കി. തുടര്‍ന്ന് അടുത്ത ദിവസം തന്നെ ഇയാള്‍ ദുബൈയില്‍ നിന്നും തിരിച്ചു വന്ന് മംഗളൂരു വിമാനത്താവള അധികൃതര്‍ക്കും പരാതി നല്കി.
വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പൂട്ട് മുറിക്കുന്ന രംഗങ്ങളൊന്നും ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ല.
മറ്റെവിടെയും പണം നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നും യാത്രക്കാരന് പറയുന്നു. വിമാനത്താവളത്തില്‍ നടത്തിയ ലഗേജ് സ്കാനിങ്ങില്‍ പണം പതിഞ്ഞിട്ടുണ്ടാവുമെന്നാണ് യാത്രക്കാരന് പറയുന്നത്. അതിനിടെ വിമാനത്തില്‍ ലഗേജ് ഒതുക്കി വെക്കുന്നതിനിടയില്‍ ജീവനക്കാര്‍ തന്നെ പണം മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് യുവാവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."