തീരദേശ വീട് നിര്‍മാണം ചുവപ്പുനാടയില്‍ പരിസ്ഥിതി സംരക്ഷണ നിയമം വിലങ്ങുതടി
കൊണ്ടോട്ടി: തീരദേശ മേഖലയില്‍ വീടു നിര്‍മാണ അനുമതിക്ക് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ചുവപ്പ് നാടയില്‍ കുടുങ്ങുന്നു. വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും നിലവിലുള്ളവ പുതുക്കി പണിയുന്നതിനും പുതിയ വീടുകള്‍ നിര്‍മിക്കുന്നതിനും തീരദേശ പരിപാലന അതോറിറ്റി ക്ലിയറന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളാണ് അനുമതിക്കായി കാത്തുകെട്ടി കിടക്കുന്നത്. കടലോര മേഖലകളിലും, കായല്‍ പ്രദേശങ്ങളിലും പുതിയ വീട് നിര്‍മിക്കുന്നതിന് പരിസ്ഥിതി സംരക്ഷണ നിയമം മുന്‍നിര്‍ത്തിയുള്ള നിയന്ത്രണങ്ങളാണ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ തടസമാന്നത്.
1996-ന് മുന്‍പ് നിലവിലുണ്ടായിരുന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് അനുമതി ലഭിക്കുന്നുണ്ടെങ്കിലും കെട്ടിടം പുതുക്കിപ്പണിയുന്നതിന് കടുത്ത നിയന്ത്രണങ്ങളാണുള്ളത്.
പുതിയ കെട്ടിടങ്ങള്‍ക്ക് 66-എം സ്‌ക്വയര്‍ തറ വിസ്തീര്‍ണ്ണം മാത്രമെ പാടുള്ളു എന്നാണ് പുതിയ നിയമം. 1996ന് ശേഷം നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നുമില്ല.
തീരദേശ നിയന്ത്രണ (സി.ആര്‍.ഇസഡ്-2)മുള്ള മേഖലയിലെ അപേക്ഷകളില്‍ നിര്‍ധിഷ്ട സൈറ്റിനും ജലനിരപ്പിനുമിടയില്‍ 1996ന് മുന്‍പ് റോഡുണ്ടോ, 1996ന് മുന്‍പ് നമ്പര്‍ കിട്ടിയിട്ടുള്ള കെട്ടിടമാണോ, നിലവിലുള്ള കെട്ടിടമാണോ തുടങ്ങിയ കാര്യങ്ങള്‍ വര്‍ഷം സഹിതം വ്യക്തമായി രേഖപ്പെടുത്തണം.
ഇതില്ലാത്ത പക്ഷം സൈറ്റിന്റെ ഇരുവശവും തൊട്ടടുത്ത പ്ലോട്ടില്‍ നില്‍ക്കുന്ന അംഗീകൃത കെട്ടിടം 1996ന് മുന്‍പുള്ളതാണെങ്കില്‍ അവയുടെ നമ്പറും നിര്‍മാണ വര്‍ഷവും രേഖപ്പെടുത്തിയിരിക്കണം.
ലൊക്കേഷന്‍ സ്‌കെച്ചില്‍ ഇവ കാണിക്കാത്ത അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നില്ല.
നിര്‍ധിഷ്ട സ്ഥലം ഒന്നിലധികം ജലനിരപ്പുകള്‍ക്കിടയിലാണെങ്കിലും ഇവയുടെ ഒരോന്നിന്റെയും വിവരങ്ങളും അപേക്ഷയില്‍ ഉള്‍പ്പെടണമെന്നതും നിര്‍ബന്ധമാണ് തുടങ്ങിയ നിയമങ്ങളാണ് പ്രശനങ്ങള്‍ക്ക് കാരണം.
മത്സ്യ തൊഴിലാളികളുടെ വീടുകളാണെങ്കില്‍ പോലും തീരദേശ നിയന്ത്രണം ഹൈഡ് ടൈഡ് ലൈന്‍ (എച്ച്.ടി.എല്‍) 100 മുതല്‍ 200 മീറ്റര്‍ വരെയുള്ള തീരദേശ പ്രദേശത്ത് അനുമതി നല്‍കില്ല.
എന്നാല്‍ ഇതിനുപ്പുറത്തേക്ക് പഴയ കെട്ടിട നമ്പറുകളുടെ അടിസ്ഥാനത്തില്‍ 66 എം സ്‌ക്വയറില്‍ വീടിന് അനുമതി നല്‍കാം. എന്നാല്‍ അപേക്ഷകന്‍ മത്സ്യതൊഴിലാളിയാണെന്ന് എഴുതി സാക്ഷ്യപ്പെടുത്തണം. പൊക്കാളിപ്പാടം, ചെമ്മീന്‍കെട്ട് എന്നിവയുടെ അകലം പറയുമ്പോള്‍ തന്നെ കടല്‍, കായല്‍ എന്നിവയില്‍ നിന്നുള്ള അകലവും അപേക്ഷയില്‍ ചേര്‍ത്തിരിക്കണം.
തീരദേശ പരിപാലന അതോറിറ്റി ക്ലിയറന്‍സിനായി ലഭിക്കുന്ന അപേക്ഷകളേറെയും അവ്യക്തതകള്‍ നിറഞ്ഞതും അപൂര്‍ണ്ണവുമായതിനാലാണ് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനാവാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."