ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി
ജൊഹന്നാസ്ബര്‍ഗ്: തുടര്‍ച്ചയായി മൂന്നാം വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര സുരക്ഷിതമായി പിടിച്ചെടുക്കാമെന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മോഹം നടന്നില്ല. മൂന്നാം പോരാട്ടത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം വിജയ വഴിയിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 133 റണ്‍സില്‍ അവസാനിപ്പിച്ച ദക്ഷിണാഫ്രിക്ക 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്ത് വിജയിക്കുകയായിരന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയില്‍.
ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ മിതാലി രാജിനെ റണ്ണെടുക്കും മുന്‍പ് നഷ്ടമായ ഇന്ത്യയെ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മൃതി മന്ധന- ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം മത്സരത്തിലേക്ക് മടക്കിക്കൊണ്ടു വന്നു. മന്ധന (37), കൗര്‍ (48) എന്നിവര്‍ പുറത്തായ ശേഷം ഇന്ത്യയുടെ തകര്‍ച്ചയും തുടങ്ങി. അഞ്ചാമതായി ക്രീസിലെത്തിയ വേദ കൃഷ്ണമൂര്‍ത്തിയും (23) രണ്ടക്കം കടന്നു. പിന്നീടൊരാളും രണ്ടക്കം പോലും തികയ്ക്കാതെ കൂടാരം കയറിയതോടെ 17.5 ഓവറില്‍ 133 റണ്‍സില്‍ ഇന്ത്യന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ ഷബ്നിം ഇസ്മയിലിന്റെ മാരക ബൗളിങാണ് ഇന്ത്യയെ വെട്ടിലാക്കിയത്.
വിജയം തേടിയിറങ്ങിയ ആതിഥേയര്‍ സനെ ലൂസ് (41), ട്രേ്യാന് (34), ക്യാപ്റ്റന്‍ വാന്‍ നികെര്‍ക് (26), ഡു പ്രീസ് (20) എന്നിവരുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്. ഇന്ത്യക്കായി പൂജ വസ്ട്രകര്‍ രണ്ട് വിക്കറ്റുകളെടുത്തു. രാജേശ്വരി ഗെയ്ക്വാദ്, അനുജ പാട്ടീല്‍, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ശബ്നം ഇസ്മയിലാണ് കളിയിലെ താരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."