കുട്ടനാട്ടില്‍ നെല്‍കര്‍ഷകരുടെ പേരില്‍ വന്‍ വായ്പാ തട്ടിപ്പ്
കുട്ടനാട്: നെല്‍കൃഷിയുടെ മറവില്‍ വന്‍ വായ്പാ തട്ടിപ്പ്. നിരവധിയാള്‍ക്കാരുടെ പേരില്‍ കള്ള ഒപ്പിട്ട് ചെറു കര്‍ഷക സംഘങ്ങള്‍ വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് വിവരം.
ജപ്തി നോട്ടിസ് കിട്ടിയപ്പോഴാണ് ഭൂരിപക്ഷം പേരും തങ്ങളുടെ പേരില്‍ കള്ളവായ്പയെടുത്തിരിക്കുന്ന വിവരം അറിയുന്നത്. കുട്ടനാട് വികസന സമിതി ഡയരക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശയിലാണ് ബാങ്കുകള്‍ വായ്പകള്‍ അനുവദിച്ചത്.
കാവാലം സ്വദേശി ഷാജിക്ക് ആറ് ലക്ഷത്തിലേറെ രൂപയുടെ ജപ്തി നോട്ടിസ് അടുത്തിടെ കിട്ടിയപ്പോഴാണ് തട്ടിപ്പിന്റെ കഥ പുറത്തായത്. ബാങ്ക് നോട്ടിസ് കിട്ടിയപ്പോഴാണ് തന്റെ പേരില്‍ വായ്പയുള്ള വിവരം ഇയാള്‍ അറിയുന്നത്. 2014 നവംബര്‍ ഏഴിന് തന്റെ പേരില്‍ 83000 രൂപ വായ്പയെടുത്തതായി ഷാജിക്ക് ബോധ്യമായി. ഷാജിയെ കൂടാതെ കുട്ടനാട്ടുകാരായ ജോസഫ് ആന്റണി, വാസുദേവന്‍ എന്നിവരുടെ പേരിലും ലോണുള്ളതായി കാണപ്പെട്ടു.ആറു പേര്‍ അംഗങ്ങളുള്ള കര്‍ഷക മിത്ര നെല്‍ക്കര്‍ഷക ജോയിന്റ് ലയബലറ്റി ഗ്രൂപ്പിന്റെ പേരിലാണ് അഞ്ചു ലക്ഷത്തിന്റെ വായ്പ. ഇതില്‍ അംഗമായ ഷാജിക്കോ ജോസഫ് ആന്റണിക്കോ വാസുദേവനോ ഒരു രൂപ പോലും വായ്പാ തുകയില്‍ നിന്ന് കിട്ടിയില്ല.
എന്‍.സി.പി ശശീന്ദ്രന്‍ വിഭാഗം നേതാവും വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവുമായ അഡ്വ. റോജോ ജോസഫാണ് വായ്പയെടുത്തതെന്ന് ഇവര്‍ക്ക് പിന്നീട് മനസിലായി. ബാങ്കില്‍ നിന്ന് ജപ്തി നോട്ടിസ് കിട്ടിയവര്‍ അഭിഭാഷകനായ റോജോ ജോസഫിനെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി.
കാവാലത്തെ നിരവധി വീട്ടുകാര്‍ക്ക് എടുക്കാത്ത വായ്പയുടെ പേരില്‍ ജപ്തി നോട്ടിസ് കിട്ടിയിരിക്കുകയാണ് ഇപ്പോള്‍. 15 ലധികം പേര്‍ ഇത്തരത്തില്‍ കുട്ടനാട്ടില്‍ സംഘടിച്ച് കഴിഞ്ഞു. ആലപ്പുഴ ബോട്ട് ജെട്ടിയിലെ കനറാ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ ആകെ 186 ഗ്രൂപ്പുകള്‍ക്ക് ഫാദര്‍ പീലിയാനിക്കല്‍ ശുപാര്‍ശ ചെയ്ത് കാര്‍ഷിക വായ്പ കൊടുത്തിട്ടുണ്ട്.
ഇതില്‍ 54 ഗ്രൂപ്പുകളിലെ 250 ലേറെ ആളുകള്‍ക്കും ജപ്തി നോട്ടിസും കിട്ടി. കുട്ടനാട് വികസന സമിതിക്ക് കീഴിലെ സംഘങ്ങള്‍ക്ക് ഫാദര്‍ തോമസ് പീലിയാനിക്കലിന്റെ ശുപാര്‍ശയോടെയാണ് തങ്ങള്‍ വായ്പ കൊടുത്തതെന്നാണ് കനറാ ബാങ്കിന്റെ വിശദീകരണം. സ്വയം സഹായ സംഘങ്ങള്‍ക്കും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകള്‍ക്കും വായ്പ നല്‍കുന്നതിലെ ബാങ്കുകളുടെ ഉദാര വ്യവസ്ഥകള്‍ മറയാക്കിയാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും എത്തിയാല്‍ ബാങ്കുകള്‍ വായ്പ കൊടുക്കും. ഇവിടെ സംഘത്തിലെ അംഗങ്ങളെ കണ്ട് ബോധ്യപ്പെടാതെയാണ് ബാങ്കുകള്‍ കോടികള്‍ ഇത്തരത്തില്‍ വായ്പ കൊടുത്തത്.
പണം കൈപ്പറ്റുന്നത് പ്രസിഡന്റും സെക്രട്ടറിയും. ഇത്തരം വായ്പകള്‍ക്ക് ഈടു വേണ്ടായെന്നത് തട്ടിപ്പ് എളുപ്പമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."