റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പൊലിസ് രംഗത്തിറങ്ങുന്നു
കാസര്‍കോട്: ജില്ലയിലെ വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ പൊലിസ് ഇന്നുമുതല്‍ രംഗത്തിറങ്ങുന്നു. ഓപ്പറേഷന്‍ റെയിന്‍ബോ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ജില്ലാ പൊലിസ് ചീഫ് ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് നടത്താന്‍ പോകുന്നത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് മഴക്കാലത്താണെന്നും അപകടങ്ങള്‍ കുറക്കാന്‍ ഡ്രൈവര്‍മാരെയും ജനങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ഡോ. എ ശ്രീനിവാസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്നുമുതല്‍ ഒരാഴ്ച റോഡുകളില്‍ ബോധവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നത്. പിന്നീട് ഒരുമാസം ഓപ്പറേഷന്‍ നടക്കും. ഡി.ജി.പി യുടെ നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ റോഡ് സുരക്ഷയൊരുക്കുന്നത്. കാലിക്കടവ് മുതല്‍ തലപ്പാടി വരെയും കാസര്‍കോട്, കാഞ്ഞങ്ങാട്, മാവുങ്കാല്‍ പാണത്തൂര്‍, ചെര്‍ക്കള ജാല്‍സൂര്‍ എന്നിവിടങ്ങളിലും ബോധവല്‍ക്കരണ പരിപാടി പൊലിസിന്റെ നേതൃത്വത്തില്‍ നടത്തും. ഓപ്പറേഷന്‍ പദ്ധതിയുടെ ഭാഗമായി ഇന്നുമുതല്‍ റോഡുകളില്‍ ഓടുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കും. പരിശോധിച്ച വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ പതിക്കുകയും ചെയ്യും. ടയറിന്റെ തേയ്മാനം, ബ്രേക്ക്, വൈപ്പര്‍ എന്നിവ ഇതിന്റെ ഭാഗമായി വിശദമായി പരിശോധിക്കും. രാത്രികാലത്ത് വാഹനമോടിക്കുന്നവര്‍ക്ക് അല്‍പ്പം വിശ്രമമൊരുക്കി കാലിക്കടവിലും തലപ്പാടിയിലും വച്ച് ചായ നല്‍കാനും തീരുമാനമുണ്ട്. ഈ സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ലഘുലേഖകളും ബോധവല്‍ക്കരണവും നടത്തും. അടുത്ത ആഴ്ചയോടെ റോഡ് സുരക്ഷ അനുസരിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, അമിതവേഗതിയില്‍ വാഹനമോടിക്കുക, ലൈസന്‍സില്ലാതെ വാഹനമോടിക്കുക, ശബ്ദമുള്ള സൈലന്‍സര്‍ ഉപയോഗിച്ച് സഞ്ചരിക്കുക തുടങ്ങിയവക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇരുചക്ര വാഹനങ്ങളുടെ കണ്ണാടി ഊരിമാറ്റുക, ഒന്നിലധികം പേരെ കയറ്റുക, ബെക്കുകളില്‍ അനാവശ്യ ശബ്ദങ്ങള്‍ ഉണ്ടാക്കുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങി വിവിധ കേസുകളില്‍ കര്‍ശന നടപടിയെടുക്കും. കുട്ടിഡ്രൈവര്‍മാരെ പിടികൂടാന്‍ പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. പ്ലസ്ടുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ സ്‌കൂളില്‍ വച്ച്‌നല്‍കും. ആദ്യം രക്ഷിതാക്കളെയും പിന്നീട് സ്ഥാപന ഉടമകളെയും അറിയിച്ചാണ് നിയമ നടപടികളിലേക്ക് നീങ്ങുകയെന്ന് ജില്ലാ പൊലിസ് ചീഫ് പറഞ്ഞു.
ജില്ലയിലെ അപകട മേഖലകളെക്കുറിച്ച് പൊലിസ് പഠനം നടത്തും. ആവശ്യമായ സ്ഥലങ്ങളില്‍ അപകട സൂചനകളും മറ്റും സ്ഥാപിക്കും. ജില്ലയില്‍ ദേശിയപാതയോരത്തു സ്ഥാപിച്ച പല കാമറകളും പ്രവര്‍ത്തിക്കാത്ത സ്ഥിതിയാണുള്ളത്. ഇപ്പോള്‍ കാസര്‍കോട്ട് 83 കാമറയില്‍ 72 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ പൊലിസ് ചീഫ് പറഞ്ഞു. മറ്റു കാമറകള്‍ ഉടന്‍ നന്നാക്കി റോഡ് സുരക്ഷ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."