മേഘാലയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു
ഷില്ലോങ്: മേഘാലയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മേഘാലയ ഈസ്റ്റ് ഗരോ ഹില്‍സിലെ വില്ല്യംനഗര്‍ സീറ്റില്‍ മത്സരിക്കുന്ന ജോനാഥന് സാങ്മയെ ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം. ഫെബ്രുവരി 27നാണ് തെരഞ്ഞടുപ്പ്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം മടങ്ങുന്നതിനിടെ സമാന്തയില്‍ വെച്ച് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ജോനാഥന് സാങ്മ മരിച്ചത്. ജോനാഥന് സാങ്മയ്ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്ന് സഹായികളും സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതായി പൊലിസ് സ്ഥിരീകരിച്ചു.
സ്വതന്ത്ര ഗരോലാന്റിന് വേണ്ടി വാദിക്കുന്ന വിമത തീവ്രവാദ സംഘമായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലിസ് പറയുന്നത്. ജോനാഥന് സാങ്മയെ പിന്തുണയ്ക്കുന്നവരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകള്‍ നേരത്തെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റര്‍ പതിപ്പിച്ചതിനു പിന്നില്‍ ആരാണെന്ന അന്വേഷണം നടക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ജോനാഥന് സാങ്മയുടെ മരണത്തില്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."